രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ഏഴ് മണിയോടെ അവസാനിച്ചു.അവസാന മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ടിയായിരുന്നു. കൊവിഡ് ബാധിച്ച സ്ഥാനാര്‍ത്ഥികളും രോഗികളും അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് പോളിങ് കൂടുതല്‍. അവസാന മണിക്കൂറുകളില്‍ പല ബൂത്തുകളിലും നീണ്ട നിര ദൃശ്യമാണ്. കോഴിക്കോടിനു പിന്നാലെ കണ്ണൂര്‍, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് നടന്നു.
ഗുരുവായൂര്‍, തലശ്ശേരി മണ്ഡലങ്ങളില്‍ വോട്ടിങ് ശതമാനം കുറഞ്ഞിരിക്കുന്നത് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് സ്ഥാനാര്‍ഥിമാരില്ലാത്തതിനാല്‍ ബി.ജെ.പി വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നില്ല എന്നാണ് കരുതുന്നത്.
പോളിങിന്‍റെ അവസാന നേരത്തും ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി.