ആശുപത്രിക്കിടക്കയില്‍ എറിക്‌സണിന് അഭിമാനം നൽകി ഡെന്‍മാര്‍ക്ക്; ഇരട്ട ഗോളുകൾ ഒരേ കാലിൽ നിന്ന്.

0


യൂറോ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിടെ ഹൃദയം ഒരുനിമിഷം നിലച്ച് ആശുപത്രിയിലായ സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സന്റെ മനംനിറയ്ക്കുന്ന പ്രകടനവുമായി ഡെന്‍മാര്‍ക്ക് ക്വാര്‍ട്ടറില്‍. ഗാരെത് ബെയ്ല്‍ നയിച്ച കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായ വെയ്ല്‍സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തകര്‍ത്ത് അവസാന എട്ടില്‍ ഇടംനേടി അവര്‍ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് കാഴ്ചവച്ചത്.

ഹോളണ്ട് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നടന്ന മത്സസരത്തില്‍ കാസ്പര്‍ ഡോല്‍ബര്‍ഗിന്റെ ഇരട്ട ഗോളുകളാണ് ഡെന്മാര്‍ക്കിന് കരുത്തായത്. ജോക്വിം മഹ്‌ലെ, മാര്‍ട്ടിന്‍ ബ്രാത്‌വെയ്റ്റ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ഒരു ഗോളും ഒരസിസ്റ്റുമായി ബാഴ്‌സലോണ താരമായ ബ്രാത്‌വെയ്റ്റും ഡെന്‍മാര്‍ക്ക് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ബെയ്‌ലിന്റെ നേതൃത്വത്തിലുള്ള വെയ്ല്‍സ് മുന്നേറ്റം കണ്ടുകൊണ്ടാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകള്‍ അവര്‍ക്കു വിനയായപ്പോള്‍ ഡെന്‍മാര്‍ക്ക് പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 27-ാം മിനിറ്റില്‍ അവര്‍ ലീഡും നേടി.

മികേല്‍ ഡാംസ്ഗാര്‍ഡിന്റെ പാസില്‍ നിന്ന് ബോക്‌സിന് പുറത്ത് നിന്ന് ഡോല്‍ബര്‍ഗ് തൊടുത്ത ലോങ് റേഞ്ചര്‍ വെയ്ല്‍സ് ഗോള്‍കീപ്പറിന് യാതൊരവരവും നല്‍കാതെ വലയില്‍ പതിച്ചു. ലീഡ് നേടിയതോടെ മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ഡാനിഷ് താരങ്ങളുടെ ബൂട്ടുകളിലായി. എങ്കിലും ആദ്യപകുതിയില്‍ അവര്‍ ഈ ഒരൊറ്റ ഗോള്‍ ലീഡില്‍ ഒതുങ്ങി.

എന്നാല്‍ രണ്ടാം പകുതിയില്‍ ആക്രമണ ഫുട്‌ബോള്‍ തന്നെ പുറത്തെടുത്ത അവര്‍ തുടക്കത്തിലേ ലീഡ് ഇരട്ടിയാക്കി. വെയ്ല്‍സ് പ്രതിരോധ താരം വില്യംസന്റെ പിഴവില്‍ നിന്നു പന്ത് ലഭിച്ച ഡോല്‍ബര്‍ഗ് ഒരിക്കല്‍ക്കൂടി വെയ്ല്‍സ് ഗോള്‍കീപ്പറെ പരാജയപ്പെടുത്തി.

രണ്ടുഗോള്‍ ലീഡ് വഴങ്ങിയതോടെ വെയ്ല്‍സ് തിരിച്ചുവരാന്‍ ആക്രമണത്തിലേക്ക് നീങ്ങി. പ്രതിരോധത്തിലേക്കു ഗിയര്‍ മാറ്റിയ ഡെന്‍മാര്‍ക്കാകട്ടെ പ്രത്യാക്രമണങ്ങളുമായി കളം നിറയുകയും ചെയ്തു. 89-ാം മിനിറ്റില്‍ ഇത്തരമൊരു നീക്കത്തില്‍ നിന്ന് ഡെന്‍മാര്‍ക്ക് വീണ്ടും സ്‌കോര്‍ ചെയ്തു.

പ്രതിരോധ താരം ജെന്‍സന്റെ പാസില്‍ നിന്ന് മെഹ്‌ലെയാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ ജയമുറപ്പിച്ച ഡെന്‍മാര്‍ക്ക് ശേഷിച്ച മിനിറ്റുകളില്‍ തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ വെയ്ല്‍സിനെ വിഷമിപ്പിച്ചു. ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ നാലാം ഗോളും നേടിയ അവര്‍ പട്ടിക തികച്ചു.

അന്റോണിയോ കോര്‍ണീല്യുയസിന്റെ പാസില്‍ നിന്നു ബ്രാത്‌വെയ്റ്റാണ് സ്‌കോര്‍ ചെയ്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ഡെന്മാര്‍ക്ക് നാലു ഗോളുകള്‍ നേടുന്നത്. വിജയത്തോടെ ക്വാര്‍ട്ടറിലേക്ക് എത്തിയ ഡെന്മാര്‍ക്കിന് ഇന്നു നടക്കുന്ന ഹോളണ്ട്-ചെക്ക് റിപ്പബ്ലിക് മത്സരത്തിലെ വിജയികളെ ആണ് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്.

Post a Comment

0Comments
Post a Comment (0)