തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടിപിആർ കുറയാതെ തുടരുന്നതിനാലാണ് ലോക്ക് ഡൗൺ നീട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലും ആക്ടീവ് കേസിൽ കുറയുമ്പോഴും ലോക്ക് ഡൗൺ നീട്ടിയതിനെ കുറിച്ച് സംശയങ്ങൾ ഉയരുന്നുണ്ട്. വൈറസ് വ്യാപനം കുറച്ചില്ലെങ്കിൽ രോഗവ്യാപനം കൂടും. രോഗം ബാധിക്കാത്തവരുടെ ശതമാനം കേരളത്തിൽ കൂടുതലാണ്’. വൈറസ് സാന്ദ്രത കുറക്കുക പ്രധാനമാണെന്നും അതിനാലാണ് ലോക്ക് ഡൗൺ ദീർഘിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘മൂന്നാം തരംഗം വന്നാൽ കുട്ടികളിലെ രോഗബാധ സംബന്ധിച്ച് പലതരത്തിൽ പ്രചാരണമുണ്ട്. ആശങ്ക വേണ്ട. മൂന്നാം തരംഗം വന്നാൽ പ്രതിരോധിക്കാൻ മുൻകരുതലുകൾക്ക് തയ്യാറെടുപ്പുകൾ നടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആശുപത്രികളിലും പുതിയതായി ഐസൊലേഷൻ വാർഡ് ഒരുക്കും. തിരുവനന്തപുരത്തും കോഴിക്കോടും ഐസലേഷൻ ബ്ലോക്ക് ഉണ്ടാക്കുന്നുണ്ട്. പുതിയ കേസുകൾ ഉണ്ടാകുന്നിടത്ത് നിരീക്ഷണം ശക്തമാക്കും. പുതിയ വകഭേദമുണ്ടോയെന്ന് കണ്ടെത്താനാണ് നിരീക്ഷണം നടത്തുകയെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.