രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് അഞ്ഞൂറിലൊരാളായി കൊല്ലം സ്വദേശി സുബൈദയും

0

കൊല്ലം : ആടിനെ വിറ്റു കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സുബൈദയ്ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. സര്‍ക്കാരിന്റെ ക്ഷണക്കത്ത് സുബൈദുമ്മയ്ക്ക് ലഭിച്ചു.

കൊവിഡ് ആയതിനാല്‍ പോകേണ്ട എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാല്‍ പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുബൈദ പറയുന്നു.

കൊവിഡ് ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ദുരിതാശ്വാസനിധിയിലേക്ക് ആടിന് വിറ്റ് സുബൈദ സംഭാവന നല്‍കിയിരുന്നു.
നേരത്തെ ദുരിതാശ്വാസനിധിയിലേക്ക് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപ നല്‍കിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്‍ദ്ദനനേയും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ആദ്യം ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ജനാര്‍ദ്ദനന്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
പോകാതിരുന്നാല്‍ മുഖ്യന്ത്രി ചെറുതായി പോകുമെന്ന തോന്നലിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞു.
നേരത്തെ താന്‍ ടി.വിയില്‍ സത്യപ്രതിജ്ഞ കാണുമെന്നായിരുന്നു ജനാര്‍ദ്ദനന്‍ അറിയിച്ചിരുന്നത്. ഭാര്യയില്ലാതെ ഒറ്റക്ക് പോകുന്നതിലെ പ്രയാസം ജനാര്‍ദനന്‍ മാധ്യമങ്ങളോട് പങ്കുവെക്കുകയുണ്ടായി.
ജനാര്‍ദ്ദനന്‍ തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 2,00850 രൂപയില്‍ 850 രൂപ മാത്രം ബാക്കിവെച്ച് മിച്ചമുള്ള രണ്ടുലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. കൊവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായായിരുന്നു തുക നല്‍കിയത്. ഇതോടെയാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടുന്നത്.

മെയ് 20 നാണ് രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ 500 പേരെയാണ് പങ്കെടുപ്പിക്കുന്നത്.

140 എം.എല്‍.എമാരും ചടങ്ങില്‍ പങ്കെടുക്കും. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ന്യായാധിപര്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പടെയാണ് 500 പേരെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പൊതുചടങ്ങായി നടത്തുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുമുയരുന്നത്. പൊതുജനങ്ങള്‍ എല്ലാ പരിപാടികളും ഒഴിവാക്കി വീടുകളില്‍ തന്നെ കഴിയുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് നടത്തുന്നത് ധാര്‍മികമല്ലെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചടങ്ങ് രോഗവ്യാപനത്തിന് കാരണമായേക്കാം എന്ന് മാത്രമല്ല, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിനെയും താല്‍പര്യത്തെയും ഇത് മോശമായി ബാധിക്കുമെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

Post a Comment

0Comments
Post a Comment (0)