കോവിഡ് രണ്ടാം തരംഗം ജൂലൈ വരെ; എട്ടുമാസത്തിനുള്ളില്‍ മൂന്നാംതരംഗമെന്നും പഠനം

0

രാജ്യത്തെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്‍റെ തീവ്രത ജൂലൈ മാസത്തോടെ കുറയുമെന്ന് പഠനം. എന്നാല്‍ ആറുമാസത്തിനോ എട്ടുമാസത്തിനോ ഉള്ളില്‍ മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ നടന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. മന്ത്രാലയത്തിന് കീഴില്‍ മൂന്നംഗ ശാസ്ത്രജ്ഞന്മാര്‍ അടങ്ങിയ സമിതിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

മെയ് അവസാനമാകുമ്ബോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് എത്തും. ജൂലൈ മാസമാകുമ്ബോഴേക്കും പ്രതിദിന രോഗികള്‍ 20000 ആകുകയും ചെയ്യുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, കേരള, സിക്കിം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങള്‍ കൂടാതെ ഡല്‍ഹി, ഗോവ എന്നിവിടങ്ങളിലും രോഗബാധ കൂടാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഐഐടി കാണ്‍പൂരിലെ പ്രൊഫസര്‍ മഹിന്ദ്ര അഗര്‍വാള്‍ ചൂണ്ടിക്കാണിക്കുന്നു.

തമിഴ്‍നാട്ടില്‍ മെയ് 29 മുതല്‍ 31 വരെയും പുതുച്ചേരിയില്‍ മെയ് 19,20 ദിവസങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്നും പഠനത്തിലുണ്ട്. അസമില്‍ മെയ് 20,21നും മേഘാലയയില്‍ മെയ് 30 നും ത്രിപുരയില്‍ മെയ് 16 മുതല്‍ 27 വരെയും രോഗം വ്യാപന തീവ്രത കൂടിയേക്കാം. ഹിമാചല്‍ പ്രദേശില്‍ മെയ് 24 നും പഞ്ചാബില്‍ മെയ് 22നും രോഗബാധിതരുടെ എണ്ണം കൂടും.

കോവിഡിന്‍റെ മൂന്നാം ഘട്ടം ആറോ എട്ടോ മാസത്തിനുള്ളിലെത്തുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ വാക്സിനേഷന്‍ നടക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2021 ഒക്ടോബര്‍ വരെ കോവിഡിന്‍റെ മൂന്നാംഘട്ടത്തെ പ്രതീക്ഷിക്കേണ്ടതില്ലെന്നും പ്രൊഫസര്‍ അഗര്‍വാള്‍ പറയുന്നു. കോവിഡിന്‍റെ രണ്ടാംതരംഗം എങ്ങനെ രാജ്യത്തെ ബാധിക്കുമെന്നത് പ്രവചനാതീതമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

Post a Comment

0Comments
Post a Comment (0)