ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ മലയാളി മരിച്ചു

0

മുംബൈ തീരത്ത് ഒഎൻജിസിയുടെ ബാർജ് തകർന്നുണ്ടായ അപകടത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വയനാട് കൽപ്പറ്റ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് പുന്നന്താനം ആണ് മരിച്ചത്. ജോമിഷിൻ്റെ പള്ളിക്കുന്ന് എച്ചോത്ത് വീട്ടിലുള്ളവർക്ക് മരണവിവരം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശംലഭിച്ചിട്ടുണ്ട്. മൃതദേഹം ജോമിഷിൻ്റേതാണെന്ന് സ്ഥിരീകരിച്ചതായി പിതാവ് ജോസഫ് പറഞ്ഞു. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലട്രികൽസിലെ ജീവനക്കാരനായിരുന്നു ജോമിഷ്.

അതേസമയം ബാർജ് പി 305 ൽ ഉണ്ടായിരുന്ന 184 ജീവനക്കാരെയും വരപ്രദയിൽ നിന്നുള്ള 2 പേരെയും അടക്കം 186 പേരെ നേവിയും വ്യോമസേനയും ചേർന്ന് രക്ഷപ്പെടുത്തിയാതായി നാവികസേനാ വക്താവ് പറഞ്ഞു. ബാർജിൽനിന്നു രക്ഷപ്പെടുത്തിയവരിൽ ഇരുപതിലേറെ മലയാളികളും ഉണ്ടായിരുന്നു.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ നാവികസേനയാണ് ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടത്. ദിലീപ് കുമാർ, വർഗീസ് സാം, ഹരീഷ് വി.കെ, ബാലചന്ദ്രൻ, മാത്യു ടി, പ്രിൻസ് കെ.സി, പ്രണവ്, ജിൻസൺ കെ.ജെ., ആഗ്‌നേൽ വർക്കി, സന്തോഷ്‌കുമാർ, റോബിൻ, സുധീർ, ശ്രീകാന്ത് , അനിൽ വായച്ചൽ, ജോയൽ, , ജിതിൻ, ശ്രീഹരി, ജോസഫ് ജോർജ്, ദീപക് ടി.കെ, അമൽ ബാബു, ഗിരീഷ് കെ.വി, ടിജു സെബാസ്റ്റ്യൻ, തുടങ്ങിയവരുടെ പേരാണ് പട്ടികയിലുള്ളത്.

ബുധനാഴ്ച നാവികസേനയുടെ ഐ.എൻ.എസ്. കൊച്ചി എന്ന കപ്പലിലാണ് ഇവരെ സുരക്ഷിതരായി മുംബൈ തീരത്തെത്തിച്ചത്. ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ച തിങ്കളാഴ്ച മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ കടലിൽ മുങ്ങിപ്പോയ ബാർജിൽ എണ്ണ ഖനനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവരാണ്.

ബാർജ് മുങ്ങാൻ തുടങ്ങിയപ്പോൾ ജീവനക്കാരെല്ലാം പരിഭ്രാന്തിയിലായെന്നും നിർദ്ദേശം കിട്ടിയതനുസരിച്ച്‌ എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ച്‌ വെള്ളത്തിലേക്ക് ചാടുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്. പലരുടെയും വിലപ്പെട്ട രേഖകളും മൊബൈൽ ഫോണുകളും നഷ്ടമായി. അതോടെ ബന്ധപ്പെടാൻ കഴിയാതെ നൂറു കണക്കിന് കുടുംബങ്ങളും ആശങ്കയിലായി.

നാവികസേന രക്ഷക്കെത്തുന്നതിന് മുൻപ് ഏകദേശം 14 മണിക്കൂറോളം ലൈഫ് ജാക്കറ്റിന്റെ സുരക്ഷതയിൽ 10 മീറ്ററോളം ഉയരമുള്ള ശക്തമായ തിരമാലകളെയും വേഗതയേറിയ കാറ്റിനെയും അതിജീവിച്ചു കഴിഞ്ഞവരാണ് ഇവരെല്ലാം.

Post a Comment

0Comments
Post a Comment (0)