സംസ്ഥാനത്ത് കോവിഡ് മാര്‍ഗരേഖ പുതുക്കി: സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ പ്രാധാന്യം.

0

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മാര്‍ഗരേഖ പുതുക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ മാര്‍ഗരേഖ. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗരേഖ. 

ഓരോ താലൂക്ക് ആശുപത്രിയിലും അഞ്ച് വെന്റിലേറ്ററുകള്‍ അടങ്ങുന്ന സൗകര്യം സജ്ജമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. താലുക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ ഒരുക്കും. ഈ മാസം 31 വരെ മറ്റ് ചികിത്സകൾ പ്രാധാന്യം നോക്കി മാത്രമായിരിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

നിലവില്‍ നഗര, ഗ്രാമ വ്യത്യാസമില്ലാതെ കോവിഡ് വ്യാപനം തുടരുകയാണ്. അതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ അടക്കം കോവിഡ് ചികിത്സ എത്തിക്കുകയാണ് പുതിയ മാര്‍ഗരേഖയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റും . നേരിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മരുന്ന് നല്‍കി വിടാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കേണ്ടത്. കിടപ്പുരോഗികള്‍ക്ക് വീട്ടില്‍ തന്നെ ഓക്സിജന്‍ അടക്കമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളെ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിച്ച് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും. 
കോവിഡ് ചികിത്സയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തവും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി നീക്കിവെയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കോവിഡ് ചികിത്സയ്ക്കായി പ്രത്യേക ഒപി തുടങ്ങണം.

Post a Comment

0Comments
Post a Comment (0)