കൊല്ലത്ത് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒൻപത് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി ചവറ മുക്കോടി തെക്കതിൽ 21കാരനായ മുനീർ ആണ് കൊല്ലം സിറ്റി പോലീസ് ഡാൻസാഫ് ടീം, കൊല്ലം ഈസ്റ്റ് പോലീസ് എന്നീ സംഘങ്ങളുടെ പിടിയിലായത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബാറുകൾ അവധി ആയതിനാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായ തോതിൽ ലഹരിവസ്തുക്കൾ എത്താൻ സാധ്യതയുള്ളതിനാൽ പോലീസ് നടത്തിയിരുന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നും കിലോയ്ക്ക് 2000 രൂപ വില നൽകി വാങ്ങിയ കഞ്ചാവ് കിലോയ്ക്ക് 30,000 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് മുനീർ കഞ്ചാവ് വിൽപന നടത്തിയിരുന്നത് എന്ന് പോലീസ് പറഞ്ഞു. മാസങ്ങൾക്കു മുൻപ് തൃശ്ശൂർ ചാലക്കുടിയിൽ നിന്നും മീൻ വണ്ടിയിൽ കടത്തികൊണ്ടുവന്ന 140 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയാണ് മുനീർ. എന്നാൽ അന്ന് ഇയാൾ പോലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
ട്രെയിനിൽ കൊല്ലത്തേക്ക് കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിൽ സിറ്റി സൈബർസെല്ലിന്റെ സഹായത്തോടെ ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിൽ ഒടുവിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്നവരെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇവർ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
സിറ്റി പോലീസ് കമ്മീഷണർ
റ്റി.നാരായണന്റെ നിർദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ഇ.പി.റെജി, കൊല്ലം എ.സി.പി. ടി.പി.വിജയൻ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ബി.എം.ഷാഫി, ഡാൻസാഫ് എസ്.ഐ.ജയകുമാർ, ഈസ്റ്റ് എ.ഐ രാജ്മോഹൻ, ഡാൻസാഫ് ടീം അംഗങ്ങളായ ബൈജു.പി.ജെറോം, സജു, സീനു, രിപു, മനു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.