യു.ഡി.എഫിലെ സീറ്റുവിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ജോസഫ് വിഭാഗവുമായുളള തര്‍ക്കം ചർച്ചയിലൂടെ പരിഹരിച്ചേക്കും.

0

കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിൻ്റെ അഴിമതികളും ജനദ്രോഹ നടപടികളും ചൂണ്ടികാണിച്ചാണ് തങ്ങൾ രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്ന പ്രതിപക്ഷ നേതാവിൻ്റെ വാക്കുകൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. വി.ടി ബൽറാമിനെതിരെയും, വടകര മണ്ഡലം സീറ്റ് ആർ.എം.പിക്ക് നൽകുന്നതിനെതിരെ പ്രാദേശിക നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്.

യുഡിഎഫിലെ സീറ്റ് നിർണ്ണയ ചര്‍ച്ചകള്‍  പുരോഗമിക്കുന്നു. മുഖ്യ അജണ്ടയായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുളള തര്‍ക്കം പരിഹരിക്കുന്നതിന് പാർട്ടി നേതാവ് പി.ജെ. ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കോൺഗ്രസ്സ് ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നതായും റിപ്പോർട്ടുണ്ട്.

മൂവാറ്റുപുഴയും ഏറ്റുമാനൂരുമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് പക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങളുടെ പ്രധാനബിന്ദു. ഇന്ന് പി. ജെ. ജോസഫുമായി ഫോണ്‍ മുഖാന്തിരം നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പട്ടാമ്പി സീറ്റു വേണമെന്ന കടുംപിടുത്തമാണ് ലീഗുമായുളള ഉടക്കിന് കാരണം. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആര്‍എസ്പിയുടെ ആവശ്യത്തിനും വിജയമുറപ്പുള്ള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും കോണ്‍ഗ്രസ് നിലപാട് അറിയിക്കേണ്ടതുണ്ട്. ചര്‍ച്ചകള്‍ നീളുമ്പോഴും തര്‍ക്കങ്ങളില്ലെന്നും തീരുമാനം ഉടനെന്നും നേതാക്കള്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തുടരുകയാണ്. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയായെന്നും വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി 50 ശതമാനം സീറ്റ് നല്‍കുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍, പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിട്ടുള്ളവരില്‍ അധികവും പ്രായമേറിയവരും പതിവ് മുഖങ്ങളുമാണ്. തുടര്‍ച്ചയായി രണ്ടുതവണ മത്സരിച്ച് തോറ്റവര്‍ക്ക് സീറ്റില്ലെന്ന നിര്‍ദേശം കണ്ണില്‍പ്പൊടിയിടാനുളള തന്ത്രമെന്ന വിമര്‍ശനവും ശക്തമാണ്.

Post a Comment

0Comments
Post a Comment (0)