റിയാദ് : ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂഥി വിമതര്‍ വിക്ഷേപിച്ച 10 സായുധ ഡ്രോണുകള്‍ തകര്‍ത്തതായി സൗദി സഖ്യ സേന. ഇതില്‍ ചുരുങ്ങിയത് അഞ്ചെണ്ണം സൗദി നഗരങ്ങള്‍ക്കു നേരെയാണ് വന്നതെന്ന് ഔദ്യോഗിക ചാനല്‍ റിപോര്‍ട്ട് ചെയ്തു. സൗദിയിലെ ഏത് സ്ഥലങ്ങളെയാണ് ഡ്രോണുകള്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ലെങ്കിലും സിവിലിയന്‍ കേന്ദ്രങ്ങളുടെ നേര്‍ക്കാണ് ഡ്രോണുകള്‍ വന്നതെന്ന് സഖ്യസേന അറിയിച്ചു. 24 മണിക്കൂറിനിടെ ഏഴ് ഡ്രോണുകള്‍ തടഞ്ഞതായി ശനിയാഴ്ച്ച സഖ്യ സേന അറിയിച്ചിരുന്നു. ഇതില്‍ ഒരെണ്ണം ജസാന് നേരെയും ബാക്കി ഖമീസ് മുശൈത്തിന് നേരെയും ആയിരുന്നു.
2015 മാര്‍ച്ചില്‍ യമനിലെ ആഭ്യന്തര യുദ്ധത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് ഹൂഥികള്‍ സൗദിയെ ലക്ഷ്യമിട്ട് തുടങ്ങിയത്. അടുത്ത കാലത്തായി ഹൂഥികള്‍ അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണം ശക്തമാക്കിയിരുന്നു.