കൊല്ലം : ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ലെറ്റില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത് കള്ളനോട്ടു സംഘത്തിന്റെ കണ്ണി. ഇയാളെ വിജിലന്‍സ് പിന്നീട് പൊലീസിനു കൈമാറി. ബവ്‌റിജസ് കോര്‍പറേഷന്‍ ഔട് ലൈറ്റുകളില്‍ ജീവനക്കാര്‍ അമിതവില ഈടാക്കി മദ്യവില്‍പന നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്നു പരിശോധന നടത്തിയപ്പോഴാണു കള്ളനോട്ട് ഇടപാടുകാരന്‍ വിജിലന്‍സ് സംഘത്തിന്റെ കയ്യില്‍പെട്ടത്.
കരുനാഗപ്പള്ളിയിലെയും എഴുകോണിലെയും ഔട് ലെറ്റുകളിലായിരുന്നു മിന്നല്‍ പരിശോധന. കരുനാഗപ്പള്ളിയിലെ പരിശോധനയില്‍ വിറ്റുവരവിനേക്കാള്‍ അധികമായി 2010 രൂപ കാണപ്പെട്ടു. അധികമായി കണ്ടെത്തിയ പണത്തെപ്പറ്റി തൃപ്തികരമായ മറുപടി നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞില്ല. ജീവനക്കാര്‍ അനധികൃതമായി സ്വകാര്യ ആവശ്യങ്ങള്‍ക്കായി 15 തവണ എങ്കിലും പുറത്തേയ്ക്ക് പോകുന്നതു ശ്രദ്ധയില്‍പെട്ടതോടെ നടത്തിയ പരിശോധനയിലാണു കള്ളനോട്ടു സംഘത്തിന്റെ കണ്ണി പിടിയിലായത്.
മദ്യം വാങ്ങാനെത്തിയ വടക്കുംതല മഞ്ചാടിമുക്ക് സ്വദേശിയായ ഒരാള്‍ ക്വാര്‍ടര്‍ മദ്യം വാങ്ങുന്നതിന് 2000 രൂപയുടെ നോട്ട് കൊടുത്തതു വിജിലന്‍സ് സംഘം പരിശോധിച്ചു. സംഘത്തിലുണ്ടായിരുന്ന വിജിലന്‍സ് ഡിവൈഎസ്പി പി അശോക് കുമാര്‍ കറന്‍സി പരിശോധിച്ചു കള്ളനോട്ടാണെന്ന് ഉറപ്പാക്കി. ആളിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ മദ്യം വാങ്ങാന്‍ ഒരാള്‍ തന്നു വിട്ടതാണെന്നായിരുന്നു മറുപടി. പുറത്തു നില്‍ക്കുന്നയാളെ കാണിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് വിജിലന്‍സ് സംഘം ഇയാളെ വളഞ്ഞു പിടികൂടി കരുനാഗപ്പള്ളി പൊലീസിനു കൈമാറി.
എഴുകോണ്‍ ഔട് ലെറ്റില്‍ നടത്തിയ പരിശോധനയില്‍ ക്യാഷ് ബുക്കില്‍ കാണേണ്ട തുകയേക്കാള്‍ 2690 രൂപ കുറവു കാണപ്പെട്ടു. ഔട് ലെറ്റുകളില്‍ മദ്യത്തിന്റെ സ്റ്റോക്ക് ഇറക്കുന്ന സമയത്ത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നിരിക്കെ ഇവിടെ ആരും ഇല്ലെന്നും വിജിലന്‍സ് കണ്ടെത്തി.
മിക്ക ഔട് ലെറ്റുകളിലും തൊഴിലാളികളും മറ്റും ജോലികഴിഞ്ഞു മദ്യം വാങ്ങാനെത്തുന്നതും കൂടുതല്‍ തിരക്ക് ഉണ്ടാകുന്നതുമായ സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളിലാണ് തട്ടിപ്പ്. തെളിച്ചമില്ലാത്ത പ്രിന്ററുകള്‍ ഉപയോഗിച്ച് മദ്യത്തിന്റെ വില ശരിയാംവിധം കാണാന്‍ പറ്റാത്ത തരത്തില്‍ ബില്ലുകള്‍ നല്‍കി യഥാര്‍ഥ വിലയേക്കാള്‍ അധികം തുക വാങ്ങുന്നതായി വ്യാപകമായ പരാതിയുണ്ടെന്നു വിജിലന്‍സ് പറയുന്നു. തുടര്‍ന്നും പരിശോധനകള്‍ ഉണ്ടാകുമെന്നു വിജിലന്‍സ് അറിയിച്ചു.