മാധ്യമപ്രവർത്തകൻ ആർ.രാധാകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 20-09-2018 ലാണ് മാധ്യമപ്രവർത്തകനായ രാധാകൃഷ്ണൻ പൊലീസ് സേനയിലെ കുറ്റക്കാരുടെ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് വിവരാവകാശ നിയമപ്രകാരം പൊലീസിൽ അപേക്ഷ നൽകുന്നത്. അപേക്ഷയിൽ ഉന്നയിച്ച ചോദ്യങ്ങൾ :
സംസ്ഥാന പൊലീസ് സേനയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ആരെല്ലാം ?
അവർക്കെതിരെ രേഖകൾ പ്രകാരമുള്ള ആക്ഷേപങ്ങൾ എന്തെല്ലാം ?
ഇപ്പോൾ ഇവർ വഹിക്കുന്ന ഔദ്യോഗിക സ്ഥാനങ്ങൾ എന്ത് ? സമ്പൂർണ വിവരങ്ങൾ ?
പൊലീസിന്റെ അന്വേഷണത്തിലിരുന്ന എത്ര ക്രിമിനൽ കേസുകൾ 2016 മെയ് 21ന് ശേഷം പിൻവലിച്ചു ? ആരുടെ നിർബന്ധപ്രകാരം പിൻവലിച്ചു ?
സംസ്ഥാന പൊലീസ് സേനയുടെ ഭാഗമായ എത്ര ഉദ്യോഗസ്ഥർ ഇപ്പോൾ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ? അവരുടെ പേരുകൾ, റാങ്ക്, ഇപ്പോൾ വഹിക്കുന്ന തസ്തിക, കേസിന്റെ സംശുദ്ധ സൂചന എന്നീ വിവരങ്ങൾ.
സംസ്ഥാന പൊലീസിന്റെ രേഖകൾ പ്രകാരം പിടികിട്ടാപ്പുള്ളികളായ രാഷ്ട്രീയ പ്രവർത്തകർ എത്രപേരാണ് സംസ്ഥാനത്തുള്ളത് ? അവരുടെ പേര്, മേൽവിലാസം, തുടങ്ങി സമ്പൂർണ വിവരങ്ങൾ.
ഈ അപേക്ഷ പൊലീസിന്റെ വിവരാവകാശ ഉദ്യോഗസ്ഥൻ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലേക്ക് കൈമാറി. എന്നാൽ വിവരങ്ങൾ നൽകാനാവില്ലെന്ന് പറഞ്ഞ് ക്രൈംറെക്കോർഡ്‌സ് ബ്യൂറോ അപേക്ഷ തള്ളുകയായിരുന്നു. ഈ അപേക്ഷ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു വിശദീകരണം. തുടർന്ന് രാധാകൃഷ്ണൻ പൊലീസിന് അപ്പീൽ നൽകി. അപ്പീലും സമാന കാരണം പറഞ്ഞ് തള്ളി. തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന് ഹർജി നൽകി. എന്നാൽ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പൊതുതാത്പര്യത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തുകയും, അപേക്ഷയ്ക്ക് മറുപടി നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. അപ്പോഴും പൊലീസ് അധികൃതർ മറുപടി നൽകാൻ കൂട്ടാക്കാതെ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങി. ഇതിന്റെ ഒന്നാം എതിർ കക്ഷി സംസ്ഥാന വിവരാവകാശ കമ്മീഷ്ണറും, രണ്ടാം എതിർ കക്ഷി ആർ.രാധാകൃഷ്ണനുമായിരുന്നു. രാധാകൃഷ്ണൻ അഭിഭാഷകന്റെ സഹായം കൂടാതെ സ്വന്തമായാണ് കേസ് വാദിച്ചത്.
ക്രൈം റെക്കോർഡ്‌സിനെ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയെന്നായിരുന്നു പൊലീസിന്റെ ഭാഗം. എന്നാൽ അത്തരത്തിലൊരു എക്‌സിക്യൂട്ടിവ് ഉത്തരവ് വരികയാണെങ്കിൽ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 24/4 പ്രകാരം ഈ ഉത്തരവ് നിയമസഭാ അംഗീകരിച്ചിരിക്കണമെന്ന് രാധാകൃഷ്ണൻ വാദിച്ചു. പൊലീസിന്റെ വാദം പ്രകാരം ഈ ഉത്തരവ് വന്നത് 2013 ലാണ്. എന്നാൽ 2013ന് ശേഷം ഈ എക്‌സിക്യൂട്ടിവ് ഉത്തരവ് നിയമസഭയുടെ മുന്നിൽ വയ്ക്കുകയോ അതിൽ വ്യക്തത വരുത്തുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ ഉത്തരവ് നിലനിൽക്കില്ലെന്നും കാലാഹരണപ്പെട്ടുവെന്നും രാധാകൃഷ്ണൻ വാദിച്ചു.
ഹർജിയിലെ വിവിരങ്ങൾ പ്രസിദ്ധപ്പെടുത്തിയാൽ അത് പൊലീസ് സേനയുടെ മനോവീര്യം കെടുത്തുന്നതിന് കാരണമാകുമെന്നും പൊലീസ് വാദിച്ചു. എന്നാൽ ക്രിമിനൽ പ്രവൃത്തി ചെയ്താൽ പൊലീസ് ആയാലും സാധാരണ വ്യക്തിയാണെങ്കിലും അവരെ ക്രിമിനലായി തന്നെ കണക്കാക്കണമെന്നാിരുന്നു രാധാകൃഷ്ണന്റെ വാദം. ഈ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. ഈ വിവരങ്ങൾ പൊതുജനം അറിയണമെന്നും, ഇതെല്ലാം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കൂടി മാധ്യമപ്രവർത്തകൻ വാദിച്ചു. തുടർന്ന് ഒരു മാസത്തിനകം ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവൻ ഉത്തരവിട്ടു.
ഈ വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ന്യായമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടാലും കോടതിയുടെ തീരുമാനം വന്നിട്ടില്ലാത്ത ഉദ്യോഗസ്ഥരുടെ കാര്യത്തിൽ പേര് പുറത്തുവിടാനോ പ്രസിദ്ധപ്പെടുത്താനോ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.