ഐതിഹാസിക പാലാരിവട്ടം പാലം ഇന്ന് പൊതുജനത്തിനായി തുറന്ന് നൽകും

0

" ഐതിഹാസികതയാരോപിച്ചത് ചരിത്രമായത് കൊണ്ടല്ല സിനിമയിൽ നിന്ന് ചിലത് ജീവിതത്തിൽ കാണാനായത്കൊണ്ടാണെന്ന് പറഞ്ഞ് കൊണ്ട് തലക്കെട്ടിന് ക്ഷമാപണം "


കൊച്ചി : ഏറെ വിവാദങ്ങൾ സൃഷ്ടിച്ച പാലാരിവട്ടം മേൽപ്പാലം ഇന്ന് വൈകുന്നേരം നാല് മണിക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ആഘോഷങ്ങളില്ലാതെ ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം . 2019 മെയ് മാസത്തിലായിരുന്നു പാലം അടച്ചിട്ടത്. ഉദ്ഘാടനമില്ലെങ്കിലും മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ആദ്യ ദിവസത്തെ യാത്രയിൽ പങ്കാളികളാകും.

2016 ഒക്ടോബര്‍ 12 ന് പാലാരിവട്ടം പാലം യാഥാർത്ഥ്യമായതെങ്കിലും ആറ് മാസം കൊണ്ട് തന്നെ പാലത്തിൽ കേടുപാടുകൾ കണ്ടെത്തി. പിയര്‍ ക്യാപ്പുകളിലും വിള്ളൽ സംഭവിച്ചതോടെ 2019 മെയ് ഒന്നിന് പാലം അറ്റകുറ്റപണിക്കായി അടച്ചു.

ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച പാലാരിവട്ടം പാലത്തിന്റെ പുനഃനിർമാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പാലത്തിന്റെ ഭാരപരിശോധനാ റിപ്പോര്‍ട്ട് ഡിഎംആർസി സർക്കാരിന് കൈമാറിയിരുന്നു. അവസാന വട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. ശനിയാഴ്‌ച മുതല്‍ എപ്പോൾ വേണമെങ്കിലും സര്‍ക്കാരിന് പാലം തുറന്നുകൊടുക്കാമെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചിരുന്നു.

പാലം തുറക്കുമ്പോൾ ട്രാഫിക്ക് സിഗ്നൽ ഇല്ലാത്ത ഗതാഗത ക്രമീകരണമായിരിക്കും പാലത്തിനടിയിലൂടെ ഉണ്ടാവുക. ഇപ്പോൾ പാലത്തിന് രണ്ടറ്റത്തുമായി ക്രമീകരിച്ചിരുക്കുന്ന യൂടേൺ പാലത്തിന്‍റെ രണ്ട് സ്പാനുകൾക്കടിയിലൂടെ പുനക്രമീകരിക്കും. സ്പാനുകൾക്കടിയിലൂടെ വാഹനങ്ങൾക്ക് കടന്ന് പോകാൻ വേണ്ട വീതിയും ഉയരവും ഉണ്ട്.

പാലം പുതുക്കിപ്പണിയാൻ കരാര്‍ നല്‍കുമ്പോൾ ഒൻപത് മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് സർക്കാർ ഡിഎംആർസിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, പറഞ്ഞതിലും വേഗം പണി പൂർത്തിയായി. കരാര്‍ ഏറ്റെടുത്ത ഡിഎംആർസിയും ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് അഞ്ച് മാസവും 10 ദിവസവും കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ആദ്യ പാലം നിർമ്മിക്കാൻ 28 മാസമായിരുന്നു വേണ്ടി വന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാലാരിവട്ടം പാലം അഴിമതി ചർച്ചാ വിഷയമാക്കാനാണ് എൽഡിഎഫ് തീരുമാനം. പാലാരിവട്ടം പാലം പ്രതിസന്ധിയാകുമെന്നതിനാൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)