ഇരവിപുരം : കടയിൽ കയറി ആക്രമണം നടത്തി സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഘത്തിൽപ്പെട്ട മൂന്നു യുവാക്കളെ വർക്കലയിലുള്ള ഒളിത്താവളത്തിൽ നിന്നും ഇരവിപുരം പൊലീസ് പിടികൂടി.വാളത്തുംഗൽപുത്തൻചന്ത മന്നം മെമ്മോറിയൽ സ്കൂളിന് എതിർവശം കമലാ മന്ദിരത്തിൽ അഖിലേഷ് (22), വാളത്തുംഗൽ ഇടശ്ശേരി കമ്പനിയ്ക്ക് തെക്കുവശം തച്ചം കുളത്തിന് സമീപം ആദിക്കാട് പടിഞ്ഞാറ്റതിൽ ബിച്ചു എന്നു വിളിക്കുന്ന അനുരാജ് (27), തോട്ടുകാവ് ക്ഷേത്രത്തിന് സമീപം തമ്പുരാൻ വെളിയിൽ പടിഞ്ഞാറ്റതിൽ ശരത് (25) എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 24 ന് വൈകിട്ട് നാലേ മുക്കാലോടെ ഇരവിപുരം വഞ്ചി കോവിലിനടുത്തുള്ള ഉഷ ടയേഴ്സിലായിരുന്നു സംഭവം. കാറിലും ബൈക്കിലുമായെത്തിയ സംഘം കടയുടമ ഗോപുവിനെ മർദിക്കുന്നതു കണ്ട് തടസ്സം പിടിക്കാനെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വടക്കുംഭാഗം ശ്രീനഗർ മുന്നിൽ ഉഷസ് വീട്ടിൽ ഉഷയുടെ കാലിന് പരിക്കേറ്റിരുന്നു.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പറയപ്പെടുന്നു.സംഭവത്തിന് ശേഷം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കടന്ന സംഘം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് വർക്കലയിലെ ഒളിത്താവളത്തിലെത്തിയത്. സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.ഇവർ മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.എ.സി.പി.വിജയന്റെ നിർദേശപ്രകാരം ഇരവിപുരം എസ്.എച്ച്.ഓ. ധർമജിത്ത്, എസ്.ഐ.മാരായ ദീപു, സൂരജ്, സുതൻ, ആൻറണി, ജയകുമാർ, എ.എസ്.ഐ.ജയപ്രകാശ്, സി.പി.ഓ.മാരായ ചിത്രൻ, സുമേഷ് ബേബി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ചിത്രം: പിടിയിലായ പ്രതികൾ