'അരുമകളിൽ നിന്ന് ആഹ്ളാദവും വരുമാനവും' : ഡോ. മുംതാസ് യഹിയ - 'Joy and Income from Pets' :Dr. Mumtaz Yahya

Reporters Club Admin
2

ലോക ആഹ്ളാദ ദിനത്തിൻ്റെ ഭാഗമായി ടി.കെ.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ 19/03/2021 വെള്ളിയാഴ്ച സുവോളജി വിഭാഗവും കേരള സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രവും ചേർന്ന് 'അരുമകളിൽ നിന്ന് ആഹ്ളാദവും വരുമാനവും' എന്ന ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ പഠനത്തോടൊപ്പം വരുമാനവും നേടുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം.

കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി.ഷൈൻ കുമാർ യോഗത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ചിത്ര ഗോപിനാഥ് അധ്യക്ഷയായിരുന്നു.

വനിതാ കമ്മീഷൻ അഗം ശ്രീമതി ഷാഹിത കമാൽ ശില്പശാല ഉൽഘാടനം ചെയ്തു സംസാരിച്ചു. കുടുംബങ്ങളിലെ ഒത്തൊരുമ മുന്നോട്ടു കൊണ്ട് പോകാൻ സ്നേഹത്തിന്റെ പ്രചാരകരായ അരുമകളെ ഒപ്പം കൂട്ടുന്നത് നല്ലതാണെന്നും ഉപാധിരഹിത സ്നേഹമാണ് അരുമകൾ നൽകുന്നതെന്നും കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിയ്ക്കാൻ അരുമകൾ സഹായിച്ച അനുഭവങ്ങൾ കമ്മീഷന്റെ മുന്നിൽ ഉണ്ടന്നും അവർ പറഞ്ഞു.

പഠനത്തോടൊപ്പം ചെറിയൊരു വരുമാനം ഉണ്ടാക്കണമെന്നും അതിനു നല്ല ഒരു ഉപായം മൃഗസംരക്ഷണം ആണെന്നും അവർ കൂട്ടിച്ചേർത്തു.

കൊല്ലം കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ കുമാരി യു. പവിത്രയുടെ ആശംസ പ്രസംഗത്തിൽ അവർ തന്റെ ജീവിതാനുഭവങ്ങൾ പങ്കു വയ്ക്കുകയും കുട്ടികളോട് പഠനത്തോടൊപ്പം വരുമാനം നേടേണ്ട അനിവാര്യതയെപ്പറ്റി ഉപദേശിക്കുകയും ചെയ്തു.

സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്‌മാൻ ആശംസ അറിയിച്ചു. കലാലയ ജീവിതത്തിൽ ഇത്തരം പരിപാടികൾ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും ഇങ്ങനെയൊരു പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വിദ്യാർത്ഥികൾ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതീക്ഷാനിർഭരമായ ജീവിതം ചിരിയും സന്തോഷവും കൊണ്ട് നിറയ്ക്കണമെന്നും, സ്വയംപര്യാപ്തത നേടി മിഴിനീർ ചവർപ്പ് പെടാത്ത ജീവിതം നയിക്കണമെന്നും എം ടി വാസുദേവൻ നായർ, എൻ എൻ കക്കാട് എന്നീ സാഹിത്യകാരന്മാരുടെ സൃഷ്ടികൾ ഉദ്ധരിച്ച് അദ്ദേഹം ആവശ്യപ്പെട്ടു.

കോളേജ് ഐ ക്യു എ സി കോഓർഡിനേറ്റർ ഡോ. സുമലക്ഷ്മി പരിപാടിയ്ക്ക് ആശംസ അറിയിച്ചതോടൊപ്പം പഠനത്തോടൊപ്പം ശാസ്ത്രീയമായ മാർഗങ്ങളിലൂടെ വരുമാനം ലഭിക്കുന്ന പ്രവൃത്തികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

മൃഗസംരക്ഷണത്തിനുവേണ്ടി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ച ചില വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. അവർ തങ്ങളുടെ വളർത്തു മൃഗങ്ങളെ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. അവയുടെ പേരും പ്രത്യേകതയും ഡോ. ഷൈൻ കുമാർ വിവരിച്ചു കൊടുത്തു.

സുവോളജി വിഭാഗം അദ്ധ്യാപികയും പ്രോഗ്രാം കോഓർഡിനേറ്ററും ആയ ഡോ. മുംതാസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കോളേജിന്റെ പേരിൽ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു.
           
ഇടവേളയ്ക്ക് ശേഷം പരിശീലനവും ശിൽപശാലയും നടന്നു. പേർഷ്യൻ പൂച്ചകൾ, ലോകത്തിലെ ഏറ്റവും ചെറിയ ഇനമായ ശിവാവ പട്ടികൾ, വിദേശയിനം തത്തകൾ, ഗിനിപ്പന്നികൾ, പോരു കോഴികൾ, അലങ്കാരപ്പ്രാവുകൾ, വർണ മൽസ്യങ്ങൾ എന്നിവ ശില്പ ശാലയ്ക്ക് മിഴിവേകി.

അരുമകളെ വളർത്തുന്നതും പരിപാലിക്കുന്നതുമായ രീതികളും അതുമായി ബന്ധപ്പെട്ട ചില നിയമങ്ങളും പരിപാലനത്തിൽ സംഭവിച്ചേക്കാവുന്ന പോരായ്മകളും വിശദമായി വിവരിക്കപ്പെട്ടു.

സംശയ നിവാരണ സെഷനിൽ കുട്ടികൾ അവരുടെ സംശയങ്ങൾ ചോദിക്കുകയും അവയ്ക്ക് ഉത്തരം കുട്ടികൾക്ക് മനസ്സിലാകുന്ന വിധത്തിൽ മനോഹരമായി പറഞ്ഞു കൊടുക്കുകയുമുണ്ടായി.

പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സർക്കാർ മുദ്ര പതിച്ച സർട്ടിഫിക്കറ്റ് നൽകി. വിജ്ഞാനവും, അതിലുപരി സന്തോഷവും പകർന്ന ശില്പശാല ദേശീയഗാനത്തോടു കൂടി അവസാനിപ്പിച്ചു.
Tags

Post a Comment

2Comments
Post a Comment