'വോട്ട് ചെയ്യിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് ഒപ്പമാണ് പെൻഷൻ വിതരണം ചെയ്യുന്നവരും എത്തിയത്. ഇവർ പെൻഷൻ കൊടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു. വോട്ടിന് ഒപ്പം പെൻഷൻ കൊടുക്കാൻ സാധിക്കില്ലെന്ന് താൻ പറഞ്ഞെന്നും. താനൊരു കോൺഗ്രസ് പ്രവർത്തകനാണെന്നും. അതു കൊണ്ട് പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ലായെന്നും. പൊലീസുകാരോട് ഇവരെ മാറ്റണമെന്ന് പറഞ്ഞപ്പോഴും ഇടപെട്ടിട്ടില്ലെന്നും - പെൻഷനോപ്പം പോസ്റ്റൽ വോട്ട് കൊണ്ടുവന്ന വീട്ടിലെ വോട്ടറായ കമലാക്ഷിയുടെ മകൻ പറഞ്ഞു.
കായംകുളം മണ്ഡലത്തിലെ 77ാം നമ്പർ ബൂത്തിലാണ് സംഭവം.സഹകരണ ബാങ്കിലെ ജീവനക്കാരനാണ് പെൻഷൻ നൽകാനെത്തിയത്. വോട്ടെടുപ്പ് നടപടികൾ നടക്കുന്നതിന്റെ ഇടയിൽ ബാങ്ക് ജീവനക്കാരൻ പെൻഷൻ തുക എണ്ണിത്തിട്ടപ്പെടുത്തി വൃദ്ധയ്ക്ക് നൽകി. കൂട്ടത്തിൽ, പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ പെൻഷൻ തുക വർദ്ധിപ്പിക്കുമെന്ന് പെൻഷൻ നൽകാനെത്തിയ ആൾ പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്
സംഭവം വിവാദമായതിനെ തുടർന്ന്, കായംകുളത്തിന്റെ ചുമതലയുള്ള വരണാധികാരിയോട് കളക്ടർ അടിയന്തിര റിപ്പോർട്ട് തേടി. യു ഡി എഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുകയും ചെയ്തു. ബാങ്ക് ജീവനക്കാരൻ മാത്രമല്ല സിപിഎം ബ്രാഞ്ച് സെക്രട്ടറിയും പെൻഷൻ നൽകാൻ വീടുകളിൽ കയറിയിറങ്ങുന്നുണ്ടെന്ന് യു ഡി എഫ് ആരോപണം ഉയർത്തി. എന്നാൽ, പെൻഷൻ വിതരണം ചെയ്യാനെത്തിയ ആളെ അറിയില്ലെന്നാണ് പോളിംഗ് ഉദ്യോഗസ്ഥർ പറഞ്ഞത്.