കൊല്ലം :
ഞായറാഴ്ചത്തെ പ്രധാനപ്പെട്ട ട്രിപ്പും ഉപേക്ഷിച്ച് സ്വകാര്യ ബസ് ഹോൺ മുഴക്കി ചീറിപ്പാഞ്ഞപ്പോൾ ചിലരെങ്കിലും കുറ്റം ചീത്തപറഞ്ഞുകാണും. എന്നാൽ, ഒരു ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു ആ ബസും അതിലെ ജീവനക്കാരും. ശാസ്താംകോട്ട –-കരുനാഗപ്പള്ളി റൂട്ടിൽ ഓടുന്ന നിസാമോൾ ബസിലെ ജീവനക്കാരാണ് മരണമുഖത്തുനിന്ന് ഒരാളുടെ രക്ഷകരായത്. ഞായറാഴ്ച രാവിലെ 7.30-ന് തഴവ കുറ്റിപ്പുറം ജങ്ഷന് സമീപത്തായിരുന്നു സംഭവം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മണപ്പള്ളി സ്വദേശി രാമചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീണു. ചോരവാർന്ന് റോഡിൽ കിടക്കുമ്പോൾ നിരവധി വാഹനങ്ങൾ കടന്നുപോയെങ്കിലും ആരും നിർത്തിയില്ല. ഈ സമയം കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ഭരണിക്കാവിലേക്ക് വരികയായിരുന്ന നിസാമോൾ ബസ് സംഭവം കണ്ട് മറ്റു യാത്രക്കാരെ ഇറക്കിയശേഷം രാമചന്ദ്രനുമായി ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്‌ക്കുശേഷം രാമചന്ദ്രനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസിലെ ഡ്രൈവർ ഫൈസൽ, കണ്ടക്ടർ ഷിനാസ്, സംസം ബസിലെ ഡ്രൈവർ വിനോദ് എന്നിവരാണ് രാമചന്ദ്രന്റെ ജീവൻ രക്ഷിച്ചത്. ഒരു ട്രിപ്പിനേക്കാൾ ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ.
Great
ReplyDelete