പത്തനാപുരം : പിറവന്തൂർ പഞ്ചായത്തിലെ മുള്ളുമല ഗിരിജൻ കോളനിയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. ഒരാഴ്ചക്കിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
മുള്ളുമല ഗിരിജൻ കോളനിയിൽ രതീഷ്-ലതിക ദമ്പതികളുടെ മകന് ആദികൃഷ്ണന്‍ (നാല്) നായുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. കുട്ടി പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
കോളനിയിലും പാതകളിലും തെരുവുനായ് ശല്യം ദിനംപ്രതി രൂക്ഷമാകുകയാണ്. കുട്ടികളും മുതിര്‍ന്നവരുമടക്കം ആക്രമണത്തെ ഭയന്നാണ് യാത്ര ചെയ്യുന്നത്.
രാത്രികാലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ റോഡിൽ കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. കോളനിയിലെ വീടുകളില്‍ വളർത്തുന്ന മൃഗങ്ങൾക്കുനേരെയും തെരുവുനായ്ക്കളുടെ ശല്യം ഉണ്ടാകുന്നുണ്ട്.
നിരവധി തവണ പഞ്ചായത്തില്‍ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് ആദിവാസി ഡെവലപ്മെൻറ് സൊസൈറ്റി പ്രസിഡൻറ് സന്തോഷ് മുള്ളുമല പറയുന്നു.
