കൊല്ലം : ആനേഴുത്ത് മുക്ക് അക്ഷര നഗറിലെ 69ാം നമ്പർ ഗോഡൗണിൽ പൊലീസ് നടത്തിയ പരിശോധനയിൽ റേഷൻ ഭക്ഷ്യവസ്തുക്കളെന്ന് സംശയിക്കുന്ന ചാക്കുകൾ കണ്ടെടുത്തു. ആറ് ചാക്ക് ഗോതമ്പ്, 225 ചാക്ക് വെള്ള, ചുമപ്പ് അരി, രണ്ട് ചാക്ക് പച്ചരി എന്നിവയാണ് പൊലീസ് പരിശോധനയിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. സൺ ബ്രാൻഡ്, മയൂരി എന്നിങ്ങനെ വിവിധ ബ്രാൻഡുകളിലാണ് അരിയും ഗോതമ്പും പാക്ക് ചെയ്ത് സൂക്ഷിച്ചിരുന്നത്.
ജില്ല റേഷനിങ് ഇൻസ്പെക്ടർ എത്തി സാമ്പിൾ ശേഖരിച്ചു. ശാസ്ത്രീയപരിശോധന നടത്തിയ ശേഷമേ റേഷൻ സാധനങ്ങളാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ. തുടർന്ന്, ഗോഡൗൺ നടത്തിപ്പുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ഇൻസ്പെക്ടർ രജനി പറഞ്ഞു.
രണ്ട് ഗോഡൗണുകളിലായിട്ടാണ് അരിയും ഗോതമ്പും സൂക്ഷിച്ചിരുന്നത്. ഒരു ഗോഡൗണിൽ പൊലീസ് പരിശോധനക്ക് എത്തുമ്പോൾ പാക്കിങ് നടത്തുകയായിരുന്നു. ഗോഡൗൺ നടത്തിപ്പുകാരായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെസ്റ്റ് സി.ഐ രദീന്ദ്രകുമാർ, എസ്.ഐ പ്രേംലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.