എഴുകോൺ : ചീരങ്കാവിനും എഴുകോണിനും മദ്ധ്യേ റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 1,99,000 രൂപ ഉടമസ്ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി.
കടയ്ക്കോട് അനു മന്ദിരത്തിൽ അനുക്കുട്ടനാണ് ഇന്ന് എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്ത് റോഡിൽ നിന്നും അഞ്ചൂറിന്റെ നോട്ട്കെട്ടുകൾ കളഞ്ഞുകിട്ടിയത്. മറ്റൊന്നും ആലോചിക്കാതെ ഉടൻ തന്നെ അനുക്കുട്ടൻ പണം എഴുകോൺ പോലീസിനെ ഏൽപ്പിച്ചു.
മണിക്കൂറുകൾക്കുള്ളിൽ പണത്തിന്റെ ഉടമയെ പോലീസിന് കണ്ടെത്താൻ കഴിഞ്ഞതോടെ ആശ്വാസമായി.
കോൺട്രാക്ടറായ ചന്ദനത്തോപ്പ് സ്വദേശി ശിവപ്രസാദ് ബാങ്കിൽ നിന്നും എടുത്ത് കൊണ്ടുവന്ന പണമാണ് ബുള്ളറ്റിന്റെ ബോക്സിൽ നിന്നും നഷ്ടപ്പെട്ടതും അനുക്കുട്ടന് ലഭിച്ചതും.
എഴുകോൺ എസ്.ഐമാരായ രാകേഷ്കുമാർ എം.ആർ, അനിൽ കുമാർ, സി.പി.ഒ ഗണേഷ് വി.എസ് എന്നിവരുടെ സാന്നിധ്യത്തിൽ എഴുകോൺ സ്റ്റേഷനിൽ വച്ച് പണം ഉടമസ്ഥന് കൈമാറി.
Cr : kundaravartha