കുവൈത്ത് സിറ്റി : കുവൈത്തിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരും. ആരോഗ്യമന്ത്രാലയത്തിൻറെ നിർദേശാനുസരണം വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം രാത്രിയാണ് ഈ തീരുമാനമെടുത്തത്. ഇന്ന് (ഞായർ) തൊട്ട് വിദേശികൾക്ക് പ്രവേശനം എന്ന തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കുകയായിരുന്നു. ആഗോളതലത്തിൽ കോവിഡ് വ്യാപനം സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയം വ്യോമയാനവകുപ്പിന് നിർദേശം നൽകിയത്. ഇനിയൊരു അറിയിപ്പ് വരെ വിദേശികൾക്ക് പ്രവേശനം നൽകേണ്ടതില്ല എന്നാണ് തീരുമാനം.
അതേസമയം സ്വദേശികൾ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ രംഗത്ത് ജോലിചെയ്യുന്നവർ, അവരുടെ കുടുംബം എന്നിവർക്ക് പ്രവേശനം നൽകും.
കുവൈത്തിൽ പ്രവേശിക്കുന്നവർ 14 ദിവസം ക്വാറൻറീനിൽ കഴിയണം. സ്വദേശികളായ രോഗികൾ, വിദ്യാർഥികൾ, കുടുംബത്തോട് ഒപ്പം അല്ലാതെ എത്തുന്ന 18ൽ താഴെ പ്രായമുള്ള കുട്ടികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ, ഒപ്പം വരുന്ന ഗാർഹിക തൊഴിലാളികൾ, പൊതു-സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളിലെ ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർക്ക് 14 ദിവസം ക്വാറൻറീൻ വീടുകളിൽ മതിയാകും. മറ്റുള്ളവർ 7 ദിവസം ഹോട്ടലിലും 7 ദിവസം വീട്ടിലുമാണ് ക്വാറൻറീനിൽ കഴിയേണ്ടത്.
കുവൈത്ത് മുസാഫിർ ( Kuwait Musafer ) എന്ന ആപ്പ് വഴി റജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം നൽകൂവെന്ന് വ്യോമയാന ഡയറക്ടറേറ്റ് അറിയിച്ചു. റജിസ്റ്റർ ചെയ്യാതെ വിമാനത്തിൽ പ്രവേശിപ്പിക്കില്ല.