AUTHOR : SUBIL KUMAR
തിരുവനന്തപുരം : ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓട വഴി കടലിലേക്കൊഴുകി. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഓയിൽ കടലിലും തീരത്തും ചേർന്നതിന് പിന്നാലെ പൊതുജനങ്ങൾ ബീച്ചിലേക്ക് പ്രവേശിക്കുന്നതിന് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി.
ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചു. എണ്ണ പടർന്ന മണൽ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കും. ഇതിനായുള്ള നടപടികൾ തുടങ്ങി. കടലിലേക്ക് എത്രമാത്രം എണ്ണ പടർന്നെന്നറിയാൻ കോസ്റ്റ്ഗാർഡ് നിരീക്ഷണം നടത്തും. ഇന്ന് പുലർച്ചെയോടെയാണ് ചോർച്ച കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫർണസ് ഓയിൽ 2 കിലോമീറ്റർ വരെ കടലിൽ വ്യാപിച്ചു. ഗ്ലാസ് പൗഡർ നിർമാണത്തിനു ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിനുള്ള ഇന്ധനമായാണ് ഓയിൽ ഉപയോഗിക്കുന്നത്.
രണ്ടു മാസത്തോളം മീൻപിടിക്കാൻ കഴിയില്ലെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ പറഞ്ഞു. കടലില്‍ പോകാന്‍ സാധിച്ചില്ലെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാകും. അതുകൊണ്ട് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഓയില്‍ ലീക്കേജുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.