അഞ്ചാലുംമൂട് : നാല്‍പ്പതിലധികം യാത്രക്കാരുമായി സർവ്വീസ് നടത്തവെ ബോട്ട് അപകടത്തിൽപെട്ടു. അഷ്ടമുടിക്കായലി മധ്യത്തിൽ കൊല്ലം - പ്ലാവറ റൂട്ടില്‍ സർവിസ് നടത്തുന്ന യാത്രാബോട്ടാണ് ചെളിയിൽ താഴ്ന്നത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. വഞ്ചിപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം നിയന്ത്രണംവിട്ട് ചളിയില്‍ പുതയുകയായിരുന്നു.
അര മണിക്കൂറിനു ശേഷം കൊല്ലം ഡിപ്പോയില്‍നിന്ന് മറ്റൊരു ബോട്ടെത്തിച്ച് കെട്ടിവലിച്ച് കരക്ക് എത്തിക്കുകയായിരുന്നു. ബോട്ടിൽ ഈ സമയം നാൽപതോളം യാത്രക്കാരുണ്ടായിരുന്നു. ബോട്ടിലെ ജീവനക്കാര്‍ പുതിയ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നടത്തിയതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു. രണ്ട് ലാസ്കര്‍, എന്ജിന് ഡ്രൈവര്‍, സ്രാങ്ക്, ബോട്ട് മാസ്റ്റര്‍ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ബോട്ടിലുള്ളത്.