പാലക്കാട്: രാമനാട്ടുകര അപകടത്തില്‍ മരിച്ച ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് സൂചന. ഈ സംഘത്തിലെ അംഗങ്ങള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് ചെര്‍പ്പുളശ്ശേരി പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയില്‍വെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവരാണ് മരിച്ചത്.
ചരല്‍ ഫൈസല്‍ എന്നൊരാള്‍ ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹത്തിന് എസ്‌കോര്‍ട്ട് പോയതായിരുന്നു ഈ സംഘമെന്നാണ് വിവരം. മരിച്ച അഞ്ചു യുവാക്കള്‍ക്കും പ്രദേശത്തെ ആളുകളുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. ഈ സംഘത്തിന്റെ തലവനായിരുന്നു ഫൈസല്‍. നിരവധി കേസുകളില്‍ പ്രതിയാണ് ചരല്‍ ഫൈസല്‍ എന്നും ചെര്‍പ്പുളശ്ശേരി പോലീസ് പറയുന്നു. നിരവധി അടിപിടിക്കേസുകളിലും സംഘം പ്രതികളാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വീടുകയറി ആക്രമിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്നു മരിച്ച താഹിര്‍ എന്ന് ചെര്‍പ്പുളശ്ശേരി പോലീസ് പറഞ്ഞു. നാസര്‍ എന്നയാള്‍ക്കെതിരെയും കേസ് ഉള്ളതായി പോലീസ് കൂട്ടിച്ചേര്‍ത്തു. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് പറയുന്നത്.
അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായും ആലോചിച്ച ശേഷം പരാതി നല്‍കുമെന്നും താഹിറിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു. താഹിറും നാസറും ചരല്‍ ഫൈസലും എസ്.ഡി.പി.ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, കേസുകളില്‍ പ്രതികളായതിനു പിന്നാലെ ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് പാലക്കാട് എസ്.ഡി.പി.ഐ. ജില്ലാ നേതൃത്വം അറിയിച്ചു.
ഇവര്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പോയതാണെന്ന കാര്യത്തില്‍ ഏതെങ്കിലും വിധത്തിലുള്ള സ്ഥിരീകരണം പോലീസിന് ലഭിച്ചിട്ടില്ല. വിമാനത്താവളത്തില്‍ പോയതാണോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ലെന്നാണ് താഹിറിന്റെ ബന്ധുക്കള്‍ പറയുന്നത്. 21 വയസ്സുകാരനായ താഹിറിന് നാല്‍പ്പതു ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നെന്നും വിവരമുണ്ട്. റെന്റ് എ കാര്‍ ബിസിനസ് താഹിര്‍ നടത്തിയിരുന്നു.