തിരുവനന്തപുരം : ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സിബി മാത്യൂസും ആർബി ശ്രീകുമാറും അടക്കമുള്ളവർ പ്രതികളെന്ന് സിബിഐ. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. കേരള പോലീസും ഐബി ഉദ്യോഗസ്ഥരുമടക്കം 18 പേരെയാണ് ഗൂഢാലോചന കേസിൽ പ്രതിചേർത്തിട്ടുള്ളത്പേട്ട സി.ഐ ആയിരുന്ന എസ്. വിജയൻ ആണ് കേസിലെ ഒന്നാം പ്രതി. എസ്.ഐ. ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയാണ്. തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആർ. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയും ആണ്. ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ പ്രതിപട്ടികയിൽ ഏഴാമതാണ്.
ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നടത്താൻ സുപ്രീം കോടതി സിബിഐയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് മാസത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. നമ്പി നാരായണനെ അടക്കം കേസിൽ ഉൾപ്പെടുത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയ്യാറാക്കിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചാരക്കേസിൽ നമ്പി നാരായണൻ അടക്കമുള്ളവർക്കെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. തുടർന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കുകയുമുണ്ടായി. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി പ്രത്യേക സമിതി രൂപീകരിക്കുകയും വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സമിതിയുടെ നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.