രോഗവ്യാപനം ഭയന്ന് മൂല്യനിർണയ ക്യാമ്പുകളിലെത്താൻ അദ്ധ്യാപകർ വിസമ്മതിക്കുക കൂടി ചെയ്തതോടെ ജൂൺ ആദ്യവാരം പ്രഖ്യാപിക്കാനിരുന്ന എസ്എസ്എൽസി റിസൾട്ട് വൈകാൻ ഇടയാക്കും. ലോക്ഡൗണിന് ശേഷം ക്യാമ്പുകൾ തുടങ്ങാനാകുമോയെന്ന ആലോചനയിലാണ് വിദ്യാഭ്യാസ വകുപ്പ്. അതേസമയം, വീടുകളിലിരുന്ന് അദ്ധ്യാപകർ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം നടത്തിയാൽ മതിയെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. എന്നാൽ, അദ്ധ്യാപക സംഘടനകൾ ഇതിന് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, ഒന്നുമുതൽ ഒമ്പതു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് കയറ്റം സംബന്ധിച്ച തീരുമാനവും നീളുകയാണ്. ക്ലാസ് കയറ്റത്തിനായി ഉദ്ദേശിച്ചിരുന്ന 'വീട്ടുപരീക്ഷ' കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയ സാഹചര്യത്തിൽ പുതിയ മാനദണ്ഡം ഉണ്ടായേക്കുമെന്നാണ് സൂചന. കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രയാസം ഇല്ലാത്ത രീതിയിൽ സ്ഥാനക്കയറ്റ സംവിധാനം ഒരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
കോവിഡ് വ്യാപനത്തെ തുടർന്ന് ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാൻ വീട്ടിൽ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കാൻ കഴിഞ്ഞ മാസം തീരുമാനമെടുത്തത്. എന്നാൽ ഇതിനുള്ള പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ വീടുകളിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തെ തുടർന്നാണ് സ്ഥാനക്കയറ്റത്തിനായി പുതിയ മാനദണ്ഡം ഉണ്ടാക്കാൻ തീരുമാനം. അടുത്ത ദിവസം യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സൂചന നൽകുന്നത്.
😁
ReplyDelete