കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ നിന്ന് എട്ട് കോടി 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ കൊല്ലം പത്തനാപുരം വിജീഷ് വർഗീസിന്റെ അക്കൗണ്ടിൽ പണമില്ലെന്ന് കണ്ടെത്തി. അക്കൗണ്ട് മരവിപ്പിക്കും മുൻപ് മുഴുവൻ തുകയും പിൻവലിച്ചതായി പൊലീസ് കണ്ടെത്തി. പ്രതിയുടെയും ബന്ധുക്കളുടെയും അക്കൗണ്ടിൽ മിനിമം ബാലൻസേ നിലവിലുള്ളൂ.
14 മാസം കൊണ്ടാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64, 539 രൂപയാണ് കൈക്കലാക്കിയത്. മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു.
സംശയാസ്പദമായ മുഴുവൻ അക്കൗണ്ടുകളും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.