സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് വെെകിട്ടോടെ ആരംഭിച്ച കനത്ത മഴയില്‍ തലസ്ഥാനത്തും സംസ്ഥാനത്തിൻ്റെ പല സ്ഥലങ്ങളിലും വെള്ളം കയറി. ഏഴ് മണിക്കൂറിലധികമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന നഗരിയിലെ വിവിധയിടങ്ങളിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ ഉൾപ്പെടെ വെള്ളം കയറി കൂടാതെ റെയിൽവേ പോലീസ്സ് സ്റ്റേഷൻ ഓഫീസിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ഇവിടുത്തെ ആരാധനാലയങ്ങളിലും സമീപ വീടുകളിലും വെള്ളം കയറിയതു മൂലം നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
കൊല്ലം ജില്ലയിലാകെ ഇടി-മിന്നലോട് കൂടി ആരംഭിച്ച മഴ എട്ടരയോടെ ജില്ലയിലെ വിവിധയിടങ്ങളിൽ ശക്തി പ്രാപിച്ചു. നഗരപ്രദേശങ്ങളിൽ വെള്ളകെട്ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നലെ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യപിച്ചിരുന്നു അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയ പ്രത്യക സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരക്കെ മഴ കനക്കുന്നത്.
അറബിക്കടലിൽ വെള്ളിയാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. തെക്കുകിഴക്കൻ അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ലക്ഷദ്വീപിനു സമീപം വടക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച ശേഷം ഞായറാഴ്ചയോടെ ശക്തിയാർജിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. അറബിക്കടലിലെ ഈ വർഷത്തെ ആദ്യചുഴലിക്കാറ്റ് മുന്നറിയിപ്പാണിത്. ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും ന്യൂനമർദ്ദ രൂപീകരണ ഘട്ടത്തിൽ സംസ്ഥാനത്ത് പരക്കെ മഴയും കാറ്റും ശക്തമാകാൻ സാധ്യതയുണ്ട്.