മാധ്യമപ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീദ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. തമിഴ്നാട് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ മാധ്യമപ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്താശേഖരണത്തിൻറെ ഭാഗമായി എല്ലായിടങ്ങളിലും എത്താൻ നിർബന്ധിതരായ മാധ്യമ പ്രവർത്തകരുടെ ആരോഗ്യസുരക്ഷക്ക് സർക്കാർ മുഖ്യപരിഗണന നൽകണമെന്നും പ്രസ്താവനയിലൂടെ അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വാർത്താകുറിപ്പ്:
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കൊവിഡ് മുൻകരുതൽ നടപടികളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ നിർണായക ദൗത്യം നിർവഹിക്കുന്ന കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരെയും കകൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനൽ ചീഫ് റിപ്പോർട്ടർ വിപിൻചന്ദ് കൊച്ചിയിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടിരുന്നു. വാർത്താശേഖരണത്തിൻറെ ഭാഗമായി എല്ലായിടങ്ങളിലും എത്താൻ നിർബന്ധിതരായ മാധ്യമ പ്രവർത്തകരുടെ ആരോഗ്യസുരക്ഷക്ക് സർക്കാർ മുഖ്യപരിഗണന നൽകണം. തമിഴ്നാട് ഉൾപെടെ നിരവധി സംസ്ഥാനങ്ങൾ ഇതിനകം മാധ്യമ പ്രവർത്തകരെ കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിചിട്ടുണ്ട്. സർക്കാരിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പാർട്ടിയുടെ പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
42കാരനായ വിപിൻ ചന്ദ് കൊവിഡ് ബാധയെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ച ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. കൊവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ച വിപിൻ രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.