എല്ലാവരേയും കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന പതിവ് മുഖ്യമന്ത്രിമാരുടെ രീതിയിൽ നിന്ന് വിപരീതമായി ഓരോരുത്തരുടേയും അടുത്ത് കൈകൂപ്പി അഭിവാദ്യമർപ്പിച്ചാണ് മുഖ്യമന്ത്രി വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി കയറിയത്. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 140-ൽ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയ ഇടത് പക്ഷം, പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണമാണ് കരസ്ഥമാക്കിയത്.
സത്യപ്രതിജ്ഞയ്ക്കായി 500 പേർക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും കൊവിഡ് മാനദണ്ഡം കണക്കിലെടുത്ത് പലരും എത്തിയില്ല. ബംഗാൾ സർക്കാരിന്റെ പ്രതിനിധിയായി എംപി കാകോലി ഘോഷ് ദസ്തിദർ പങ്കെടുക്കും. തമിഴ്നാടിനെ പ്രതിനിധീകരിച്ച് സ്റ്റാലിന് പകരം വ്യവസായ മന്ത്രി തങ്കം തേനരശ് എത്തുമെന്നാണ് റിപ്പോർട്ട്. നിയുക്ത മന്ത്രിമാരും കുടുംബാംഗങ്ങളും പ്രമുഖ ക്ഷണിതാക്കളുമടക്കം 250 ൽ താഴെ ആളുകൾ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി എത്തിച്ചേർന്നിട്ടുള്ളു.