രാജ്യത്ത് കോവിഡ് ബാധിതരിലെ ബ്ലാക് ഫംഗസ് ബാധ പുതിയ വെല്ലുവിളിയാകുന്നു. രോഗബാധയെ തെലങ്കാന സര്‍ക്കാറും പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയില്‍ ഇതുവരെ 1500 പേര്‍ക്ക് ബ്ലാക് ഫംഗസ് ബാധിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ബ്ലാക് ഫംഗസിന് എയിംസ് ചികിത്സാ മാനദണ്ഡം പ്രഖ്യാപിച്ചു.
ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി വ്യാപന നിയന്ത്രണ നിയമമനുസരിച്ച് സാംക്രമിക രോഗങ്ങളില്‍ ഉള്‍പ്പെടുത്തി മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തെലങ്കാന സര്‍ക്കാര്‍ ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. നേരത്തെ രാജസ്ഥാനും ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. 1500 പേര്‍ക്ക് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2 ലക്ഷം ആംഫോടെറിസിന്‍ ബി മരുന്നിന് ഓര്‍ഡര്‍ നല്‍കി. രോഗബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
ബ്ലാക് ഫംഗസിന് എയിംസ് ചികിത്സാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രമേഹ രോഗികളായ കോവിഡ് മുക്തര്‍ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്ക് അപ് നടത്തണമെന്ന് നിര്‍ദേശം. പ്രമേഹ രോഗികളിലെ അമിതമായ സ്റ്റിറോയ്ഡ് ഉപയോഗം ബ്ലാക് ഫംഗസിന് കാരണമാകുന്നെന്നും എയിംസ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.