നോമ്പിന്റെ പൂർത്തികരണവും ശരീരത്തിന്റെ ശുദ്ധീകരണവും ഇതിന്റെ ലക്ഷ്യമാണ്.
• ഇമാം വകീഅ (റ) പറയുന്നു: നിസ്കാരത്തിൽ സംഭവിക്കുന്ന ന്യൂനതകളെ സഹ് വിന്റെ സുജൂദ് പരിഹരിക്കുന്നത് പോലെ നോമ്പിൽസംഭവിക്കുന്ന ന്യൂനതകളെ സകാത്തുൽഫിത്റ് കൊണ്ടും പരിഹരിക്കുന്നതാണ്.
(തുഹ്ഫ 3/305)
ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നല്‍കേണ്ട നിര്‍ബന്ധ സക്കാത്താണ് ഫിത്വര്‍ സകാത്ത്. വിശുദ്ധ റമസാനിലെ അവസാന പകലില്‍ സൂര്യസ്തമയത്തോടെ ഇത് നിര്‍ബന്ധമാകുന്നു. ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം; മുസ്‌ലിംകളിലെ അടിമയും സ്വതന്ത്രനും പുരുഷനും സ്ത്രീയും ചെറിയവരും വലിയവരും ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാര്‍ലിയോ ഫിത്വര്‍ സകാത് നല്‍കല്‍ റസൂല്‍(സ)നിര്‍ബന്ധമാക്കി. ജനങ്ങള്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടും മുമ്പ് അത് കൊടുക്കണമെന്നും അവിടുന്ന് കല്‍പ്പിച്ചു(ബുഖാരി) . അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമുള്ളത്. മേല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് കറന്‍സിയോ ധാന്യമോ ബാക്കി വേണമെന്നില്ല. ഒരാളുടെ ഉടമസ്ഥതയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത് ബാധകമാവൂ എന്ന ധാരണ ശരിയല്ല. സകാത്തിനവകാശിയായവര്‍ക്കും ചിലപ്പോള്‍ സകാത്ത് നിര്‍ബന്ധമായേക്കും. റമസാനിലെ അവസാന സൂര്യാസ്തമയ സമയത്താണ് സക്കാത്ത് നിര്‍ബന്ധമാകുന്നതെങ്കിലും റമസാന്‍ മാസം ആരംഭിച്ചത് മുതല്‍ മുന്‍കൂറായി നല്‍കല്‍ അനുവദനീയമാണ്. എങ്കിലും പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പുറപ്പെടുന്നതിന് മുമ്പ് നല്‍കലാണ് ഏറെ ഉത്തമം. പെരുന്നാള്‍ നിസ്‌കാരത്തെക്കാള്‍ പിന്തിക്കല്‍ കറാഹത്താണ്. ബന്ധുവിനെയും അയല്‍വാസിയെയും പ്രതീക്ഷിക്കുന്നതിന് നിസ്‌കാര ശേഷം താമസിപ്പിക്കുന്നതില്‍ കറാഹത്തില്ല. സുന്നത്താണ്. പെരുന്നാളിന്റെ സൂര്യാസ്തമയത്തിന് മുമ്പ് നല്‍കല്‍ നിര്‍ബന്ധമാണ്. അതിനപ്പുറത്തേക്ക് പിന്തിക്കല്‍ നിഷിദ്ധമാണ്. അവകാശി സ്ഥലത്തില്ലാതിരിക്കുക പോലെയുള്ള കാരണങ്ങള്‍ക്ക് പിന്തിക്കുന്നതെങ്കില്‍ നിഷിദ്ധമല്ല. പിന്തിച്ചാല്‍ ഖളാആയി കൊടുത്തുവീട്ടല്‍ നിര്‍ബന്ധമാണ്.
ഒരാള്‍ക്കുവേണ്ടി നാല് മുദ്ദ് അഥവാ ഒരു സ്വാഅ് ധാന്യമാണ് നല്‍കേണ്ടത്. ഒരു സ്വാഅ് 3.200 ലിറ്റര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. അളവാണ് മാനദണ്ഡം. തൂക്കമല്ല. തൂക്കമനുസരിച്ച് നല്‍കുന്നവര്‍ മേല്‍ അളവില്‍ കുറയാത്ത തൂക്കം നല്‍കേണ്ടതാണ്.
നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്. ഫിത്വര്‍ സക്കാത്ത് പണമായി നല്‍കാന്‍ പറ്റില്ല. ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: ”ന്യൂനതയില്ലാത്ത ധാന്യമാണ് നല്‍കേണ്ടത്. ഉണക്കമില്ലാത്തത്, പുഴുക്കുത്തുള്ളത്. തുടങ്ങിയ ന്യൂനതകളുള്ളത് മതിയാകുന്നതല്ല. ധാന്യത്തിന്റെ വില നല്‍കലും മതിയാകില്ല. (തുഹ്ഫ : 3-324) വില നല്‍കിയാല്‍ മതിയാകയില്ലെന്ന് ശാഫിഈ മദ്ഹബില്‍ തര്‍ക്കമില്ലെന്ന് ഇമാം റംലി (റ) നിഹായ 3-123 ലും, ഇമാം ഖത്വീബുശ്ശിര്‍ബീനി (റ) മുഗ്നി 1-407 ലും പറഞ്ഞിട്ടുണ്ട്.
നിര്‍ബന്ധമായ സമയം വ്യക്തിയുള്ള നാട്ടിലാണ് അവന്റെ ഫിത്വര്‍ സക്കാത്ത് നല്‍കേണ്ടത്. ഭര്‍ത്താവ് ഒരു നാട്ടിലും ഭാര്യ മറ്റൊരു നാട്ടിലുമാണെങ്കില്‍ -ഭാര്യയുടെ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണെങ്കിലും- ഭര്‍ത്താവിന്റെ സക്കാത്ത് ഭര്‍ത്താവുള്ള നാട്ടിലും ഭാര്യയുടേത് ഭാര്യയുള്ള നാട്ടിലും നല്‍കണം. ഒരാളുടെ സക്കാത്ത് മറ്റൊരു നാട്ടില്‍ വിതരണം ചെയ്താല്‍ സകാത്ത് വീടുകയില്ലെന്നാണ് മദ്ഹബില്‍ പ്രബലം. ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം എന്നാണ്.
സകാത്ത് വിതരണത്തിന് രണ്ട് നിബന്ധനകളുണ്ട്. ഒന്ന് നിയ്യത്ത്. ”ഇത് എന്റെ ഫിത്വര്‍ സക്കാത്ത് ആകുന്നു” ”നിര്‍ബന്ധമായ സകാത്താകുന്നു.” എന്നെല്ലാം നിയ്യത്ത് ചെയ്യാവുന്നതാണ്. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള വിഹിതം മാറ്റിവെക്കുന്ന സമയത്തോ മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്. ഇങ്ങനെ ഏല്‍പ്പിക്കപ്പെടുമ്പോള്‍ ഏല്‍പ്പിക്കപ്പെടുന്നവന് സകാത്ത് കൈമാറുമ്പോള്‍ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്.
അവകാശികള്‍ക്ക് നല്‍കുക എന്നതാണ് രണ്ടാം നിബന്ധന. സകാത്തിന് നിശ്ചിത അവകാശികളെ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നിര്‍ണയിച്ചിട്ടുണ്ട്. ഫഖീര്‍, മിസ്‌കീന്‍, നവമുസ്ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, യാത്രക്കാര്‍, സകാത്ത് സംബന്ധമായ ജോലിക്കാര്‍, യോദ്ധാവ് എന്നിവരാണ് സകാത്തിന്റെ അവകാശികള്‍.