കൊല്ലത്തെ സ്ഥാനാര്‍ത്ഥിയുടെ വീടിന് മുന്നില്‍ ‘കൂടോത്രം’; ദുരൂഹ സാഹചര്യത്തില്‍ മുട്ടകള്‍ കണ്ടെത്തി.

0


കൊല്ലം : കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ മുട്ടകള്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ മൂന്ന് മുട്ടകള്‍ രാവിലെയാണ് കണ്ടെത്തിയത്.

ഒന്നില്‍ ശത്രുവെന്നും മറ്റൊന്നില്‍ ഓം എന്നും വരച്ചിട്ടുണ്ട്. ഒരു മുട്ടയില്‍ ചുവന്ന നൂല്‍ ചുറ്റി വരഞ്ഞിട്ടുമുണ്ട്. ഇഞ്ചോടിച്ച് പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ മുട്ട വിവാദം വലിയ ചര്‍ച്ചയായി. എന്നാല്‍ ഉല്ലാസ് ഇതിനെ അത്രകാര്യമായി എടുക്കുന്നില്ല. ഇതൊക്കെ അവഗണിക്കേണ്ട വിഷയമാണെന്നും രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും ഉല്ലാസ് കോവൂര്‍ പറഞ്ഞു.

കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴുത്തിന് പിടിച്ച് തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഉല്ലാസ് കോവൂര്‍ രംഗത്തെത്തിയിരുന്നു.

കുഞ്ഞുമോനോടും കുന്നത്തുകാരോടും മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ഉല്ലാസ് കോവൂര്‍ ആവശ്യപ്പെട്ടിരുന്നു.
‘ഇന്ന് നമ്മുടെ നാട്ടില്‍ എന്റെ എതിര്‍സ്ഥാനാര്‍ത്ഥി ശ്രീ കുഞ്ഞുമോന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വെച്ച് ഉണ്ടായ കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. അദ്ദേഹം നോക്കിനില്‍ക്കുമ്പോള്‍ ആണ് കുഞ്ഞുമോന്റെ കോളറിന് കുത്തിപ്പിടിച്ച് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പുറകിലേക്ക് തള്ളിയത്.
ഇരുപത് വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്‍, ഈ നാടുമുഴുവന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്‌ലക്‌സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎല്‍എ എന്ന നിലയില്‍ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണം.’ എന്നായിരുന്നു ഉല്ലാസ് കോവൂരിന്റെ പ്രതികരണം.
# ഹോക്സ് വ്യൂ മീഡിയ ( സിബി )

Post a Comment

0Comments
Post a Comment (0)