തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വാക്‌സിനേഷന് ഓണ്‍ലൈന്‍ സൗകര്യമൊരുക്കും.ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവര്‍ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനത്തിനാണ് ലക്ഷ്യം. തിരക്ക് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വാക്‌സിന്‍ തുടര്‍ന്നും സൗജന്യമായി നല്‍കും. സിഎഫ്‌എല്‍ടിസി ഇല്ലാത്ത താലൂക്കുകളില്‍ ഉടനെ സിഎഫ്‌എല്‍ടിസികള്‍ സജ്ജമാക്കും.
35 ശതമാനത്തില്‍ കൂടുതല്‍ കൊവിഡ് വ്യാപനമുള്ള സ്ഥലങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തും. കൊവിഡ് ആശുപത്രികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിക്കും. ഇതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസവും സ്ഥിതിഗതികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു.
ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യമുണ്ട്. മെയ് ഒന്നിന് ശേഷം 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള കവാക്‌സിന്‍ കൂടി ലഭ്യമാകുന്നതിനാല്‍ വലിയ തിക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. പ്രയാസമില്ലാതെ ആളുകള്‍ക്ക് വാക്‌സിന്‍ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കാന്‍ തീരുമാനിച്ചു.
6225976 ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. വാക്സീന്‍ ദൗര്‍ലഭ്യം പ്രധാന പ്രശ്നമാണ്. കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് പ്രതിവിധി ഉണ്ടാകണം. കേന്ദ്രസര്‍ക്കാരിന്‍റെ വാക്സീനേഷന്‍ പോളിസി കേരളമടക്കമുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചു. 50 ശതമാനം വാക്സീനേ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടതുള്ളൂ. അവശേഷിക്കുന്നത് പൊതുവിപണിയിലേക്ക് മാറ്റാം. കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള്‍ സാമ്ബത്തിക ബാധ്യത നേരിടുന്നുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അധിക ബാധ്യത പ്രയാസമുണ്ടാക്കും.
കൊവിഡ് ബോധവല്‍ക്കരണം ശക്തിപ്പെടുത്താന്‍ ക്യാംപയിനുകള്‍ നടുത്തും. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടല്‍ പ്രധാനമാണ്. പുതിയ നേതൃത്വങ്ങള്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് നേരത്തേ നല്‍കിയതിന് സമാനമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ ഫലപ്രധമായി ഇടപെടാന്‍ തദ്ദേശസ്ഥാപനങ്ങങള്‍ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു