സംഭവത്തെ തുടർന്ന് ഡിഎംകെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിൻ അപലപിച്ചു.
ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ സ്ഥാപകനുമായ സി.എൻ അണ്ണാദുരൈയുടെ പ്രതിമ കത്തിനശിച്ചു. തിരുച്ചിറപ്പള്ളിയിലെ മാധവഞ്ചേരി മേഖലയിൽ സ്ഥാപിച്ച പ്രതിമയ്ക്കാണ് അജ്ഞാത സംഘം തീയിട്ടത്.
ഉച്ചയോടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു. മുൻ മുഖ്യമന്ത്രിയുടെ പ്രതിമ നശിപ്പിച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നു.
ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിൻ സംഭവത്തെ അപലപിച്ച് രംഗത്ത് വന്നത്. കത്തിനശിച്ച പ്രതിമയുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു ട്വീറ്റ്. അണ്ണാദുരൈയുടെ പ്രതിമ കത്തിച്ച സംഭവം ഏറെ അപലപനീയമാണെന്ന് സ്റ്റാലിൻ പറഞ്ഞു. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണം. സംസ്ഥാനത്ത് പെരിയാറിന്റയും, എംജിആറിന്റെയും പ്രതിമകൾക്കെതിരെ ആക്രമണങ്ങൾ തുടർക്കഥയാകുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രതിമയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ സുരക്ഷ ഉറപ്പാക്കി.