കൊച്ചി : സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് നല്‍കിയ മൊഴിയും പുറത്ത്. സുരേഷിന്റെ മൊഴിപ്പകര്‍പ്പു പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ശ്രീരാമകൃഷ്ണനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന സരിത്തിന്റെയും മൊഴി പുറത്തുവന്നിരിക്കുന്നത്.
യു.എ.ഇ കോണ്‍സുല്‍ ജനറലിന് കൈമാറാനായി സ്പീക്കര്‍ തനിക്ക് പണമടങ്ങിയ ബാഗ് നല്‍കിയെന്നാണ് സരിത്തിന്റെ മൊഴിലുള്ളത്. ഈ ബാഗില്‍ നോട്ടുകെട്ടുകളായിരുന്നുവെന്നും പിന്നീട് ഈ ബാഗാണ് കസ്റ്റംസ് തന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതെന്നും സരിത്തിന്റെ മൊഴിയിലുണ്ട്.
ലോക കേരള സഭയുടെ ലോഗോയുളള ബാഗില്‍ 10 കെട്ട് നോട്ടുനല്‍കി. ബാഗ് തനിക്കും സ്വപ്നയ്ക്കും നല്‍കിയത് തിരുവനന്തപുരത്ത് ഫ്‌ലാറ്റില്‍ വച്ചെന്നും സരിത്ത് പറഞ്ഞു. ഇത് കോണ്‍സുല്‍ ജനറലിനുള്ള സമ്മാനമാണെന്നും അദ്ദേഹത്തിന് നല്‍കണമെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.
ഔദ്യോഗിക വസതിയിലേക്ക് സ്പീക്കര്‍ മടങ്ങിയത് സ്വപ്നയുടെ കാറിലെന്നും സരിത്ത് മൊഴി നല്‍കി. ബാഗ് കൈമാറിയത് വിമാനത്താവളത്തിന് എതിര്‍വശമുളള മരുതം റോയല്‍ അപാര്‍ട്‌മെന്റില്‍ വച്ചായിരുന്നുവെന്നും സരിത്ത് മൊഴിയില്‍ പറയുന്നു.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കൊപ്പമാണ് സരിത്തിന്റെ മൊഴിപകര്‍പ്പും സമര്‍പ്പിച്ചിട്ടുള്ളത്.
അത്സമയം, സ്പീക്കര്‍ക്ക് ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ നിക്ഷേപമുണ്ടെന്നും ഷാര്‍ജയില്‍ ഇതേ കോളജിന്റെ ശാഖ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നതായും സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കൊപ്പം സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്.
സ്വപ്ന സുരേഷിന്റെ വാട്‌സ്ആപ്പ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന പി. ശ്രീരാമകൃഷ്ണന് എതിരായുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. വാട്‌സ്ആപ്പ ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അയച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴാണ് സ്പീക്കറുടെ പേര് സ്വപ്ന വെളിപ്പെടുത്തുന്നത്.