സോളാര്‍ പീഡനക്കേസിൽ ക്ലീന്‍ ചിറ്റ് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. - Solar torture case; Crime branch report says clean chit is only for Oommen Chandy.

0

സോളാര്‍ പീഡന കേസില്‍ ക്ലീന്‍ ചിറ്റ് നൽകിയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മാത്രമെന്ന് ക്രൈം ബ്രാഞ്ച്. തെളിവുകളുടെ അഭാവത്തിലാണ് റിപ്പോർട്ടെന്നും എന്നാൽ മറ്റു നേതാക്കള്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്  കൈമാറിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കി. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാതിക്കാരി വീഴ്ച വരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

കേസ് സിബിഐക്ക് വിട്ട നടപടിക്രമങ്ങളുടെ ഭാഗമായി പ്രത്യേക സംഘം ആഭ്യന്തര വകുപ്പിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ക്രൈം ബ്രാഞ്ച് നിലപാട് വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ അന്വേഷണം തുടരുന്നതായി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. എന്നാല്‍ കാര്യമായ പുരോഗതിയുണ്ടായതായി പറയുന്നില്ല.

ഹൈബി ഈഡനുമായി ബന്ധപ്പെട്ട പരാതിയില്‍ സംഭവ സമയത്ത് ധരിച്ചിരുന്ന വസ്ത്രം പരാതിക്കാരി ഹാജരാക്കുകയും ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. അടൂര്‍ പ്രകാശിനെതിരായ കേസില്‍ ചില പ്രധാന സാക്ഷികള്‍ മരിച്ചത് അന്വേഷണത്തിന് തിരിച്ചടിയായെന്നും വ്യക്തമാക്കി. മറ്റ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തില്‍ കാര്യമായ തെളിവ് ശേഖരണം നടന്നിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

അതേസമയം പരാതിക്കാരി അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിച്ചില്ലെന്നും പറയുന്നുണ്ട്. കേസില്‍ മൊഴിയെടുപ്പിന് ശേഷം തെളിവുകള്‍ ഹാജരാക്കാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരി ഹാജരാക്കിയില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പരാതിക്കാരിയുടെ ആരോപണങ്ങള്‍ പരാതിക്കാരിയുടെ തന്നെ ടീം സോളാര്‍ കമ്പനിയിലെ ജീവനക്കാരനും മുഖ്യസാക്ഷിയുമായ മോഹന്‍ദാസ് നിഷേധിക്കുകയും ചെയ്തതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

Post a Comment

0Comments
Post a Comment (0)