ഒമാന്‍ കൊവിഡ് വ്യാപനം, വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് രാത്രി മുതല്‍ അടച്ചിടും, വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കില്ല

0
Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News

മസ്‌കത്ത് :  കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലെയും വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ രാത്രിസമയം അടച്ചിടണമെന്ന ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് മാര്‍ച്ച് 20 വരെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ടു മുതല്‍ പുലര്‍ച്ച അഞ്ചു മണിവരെ അടച്ചിടാന്‍ തീരുമാനിച്ചത്.  റസ്‌റ്റോറന്റുകളും കഫേകളുമെല്ലാം അടച്ചിടണം. ഹോം ഡെലിവറി സേവനങ്ങള്‍ക്കും വിലക്കുണ്ട്. 

പെട്രോള്‍ സ്‌റ്റേഷനുകള്‍, ആരോഗ്യസ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ എന്നിവയെ മാത്രമേ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. വ്യാപാരസ്ഥാപനങ്ങള്‍ അടക്കണമെങ്കിലും രാത്രി സമയത്ത് വാഹനഗതാഗതത്തിന് തടസ്സമുണ്ടാകില്ല. ആളുകള്‍ക്ക് പുറത്തിറങ്ങുകയും ചെയ്യാവുന്നതാണ്. 
സ്‌കൂളുകളില്‍ മാര്‍ച്ച് ഏഴു മുതല്‍ 11 വരെ ഓണ്‍ലൈന്‍ പഠനം തുടരാനും സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. വൈറസ് വ്യാപനത്തെ ഗുരുതരമായി കാണണമെന്നും രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാല്‍ വലിയ രീതിയിലുള്ള ഒത്തുചേരലുകള്‍ പാടില്ലെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

ഒന്നിലധികം പേരുള്ള വാഹനങ്ങള്‍ പൊലീസ് തടഞ്ഞു നിര്‍ത്തുമെന്നും ഒരു കുടുംബത്തില്‍ തന്നെയുള്ളവരാണ് വാഹനത്തിലുള്ളതെന്ന് ഉറപ്പാക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് സമൂഹമാധ്യമത്തില്‍ നടക്കുന്നത്. 

എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്താന്‍ ഒരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും വാര്‍ത്തകളുടെ വാസ്തവം ഉറപ്പുവരുത്തണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു.

Post a Comment

0Comments
Post a Comment (0)