ഇടുക്കിയിലാണ്, അതേ പ്രബുദ്ധ കേരള ജനതയ്ക്കിടയിലാണ് അല്ലെങ്കിൽ ഒരു പക്ഷെ ഞാനും നീയും നില്ക്കുന്ന അകലത്തിലാണ് സംഭവം. തൊടുപുഴയ്ക്കടുത്ത് മുട്ടം പാമ്പാടി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകേ മലങ്കര എസ്റ്റേറ്റ് സ്ഥാപിച്ച ഗേറ്റ് ഭീം ആർമി തകർത്തെറിഞ്ഞ വാർത്ത ജനശ്രദ്ധ നേടിയെങ്കിലും കാര്യമായ രാഷ്ട്രീയ പിൻബലം ലഭിച്ചിരുന്നില്ല. ( കേരളത്തിൽ - നിലവിൽ ഭീം ആർമി ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല ) മലങ്കരയോടുള്ള രഹസ്യ അന്തർധാരയാണ് ഇത്തരത്തിലൊരു നിലപാട് കേരള രാഷ്ട്രീയം സ്വീകരിക്കാൻ കാരണമായതെന്ന് ഭീം ആർമിയുടെ നീലപ്പട അടിവരയിടുന്നു.
അഷ്ടമുടി ലൈവ് എഡിറ്റർ എഡിഷനിൽ എഡിറ്റർ ഇൻഷാദ് സജീവും - ഭീം ആർമി കേരള ചീഫ് റോബിൻ ജോബും, മലങ്കര വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ സംഭാഷണം.......
ചോദ്യം : ആദ്യം പ്രേഷകരോട് മലങ്കരയുടെ ഇപ്പോഴത്തെ സ്ഥിതിയെ പറ്റി പറയാം.?
തീർച്ചയായും, ഭീം ആർമിയുടെ ഞാനുൾപ്പെടുന്ന പ്രവർത്തകർ മലങ്കരയുടെ ജാതിഗേറ്റ് പൊളിച്ചുമാറ്റിയിരുന്നു, ഇപ്പോൾ അവർക്ക് അവിടെ സാഞ്ചാര സ്വാതന്ത്ര്യമുണ്ട്. പിന്നെ ഇതിനിടയിൽ തഹസീൽദാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയമായിരുന്നു......
ചോദ്യം : തഹസിൽദാരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ നിലപാടെന്തായിരുന്നു.?
അവർ മൂന്നടി വെച്ചുനീട്ടി, ഞങ്ങളത് നിഷേധിക്കുകയാണുണ്ടായത്. അവിടെ ഒരു ആംബുലൻസ് റോഡ് തന്നെ വേണം. ഇരുപത്തിയെട്ടുവർഷം ദളിതന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച നിർമ്മിതി പാതിയായി പോലും അവിടെയിനി ഉയരാൻ പാടില്ല. ആറാം തീയതി കളക്ടറുമായി ചർച്ചയുണ്ട്....
ചോദ്യം : ഉദ്ധ്യോഗസ്ഥരുടെ പെരുമാറ്റവും നിലപാടുകളും ഇതിനെ സ്വാധീനിച്ചിട്ടുണ്ടോ.?
അവരെല്ലാം നല്ല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്, ഒന്നാലോചിച്ച് നോക്കേ ആ കോളനിയിലുള്ള പെണ്ണും, ആണും ഇരുപത്തിയെട്ട് കൊല്ലമാണ്, ഇരുപത്തിയെട്ട് വർഷമാണ് ആ മതിൽ ചാടിക്കടന്നത്.
ചോദ്യം : ഈ വിഷയത്തിൽ രാഷ്ട്രീയ പിന്തുണയുണ്ടോ ! ഭീം ആർമിക്കൊപ്പമാണോ ജനങ്ങൾ.?
ഏയ് ഇല്ല ( ചിരിക്കുന്നു), " കേരളത്തിൽ ഇടതാണോ വലതാണോ ഭരിക്കേണ്ടത് എന്നു പോലും തീരുമാനിക്കുന്നത് മലങ്കര കോർപ്പറേറ്റാണ്! ", എന്നാലും ബഹുജൻകാഴ്ച്ചപ്പാടുള്ള മനുഷ്യർ ഭീം ആർമിക്കൊപ്പമുണ്ടായിരുന്നു. ജനങ്ങളാണ് സത്യത്തിൽ ഞങ്ങളെ മുന്നോട്ട് നയിച്ചത് മുഖ്യധാര മാധ്യമങ്ങളുൾപ്പെടെ ഇത് അത്ര വേഗം ജനങ്ങളിലേക്കെത്തിച്ചു.
ചോദ്യം : കോടതിയിൽനിന്ന് നീതി ലഭിക്കുമോ.?
" പോറ്റിയുടെ കോടതിയിൽ ദളിതന് നീതി ലഭിക്കില്ല " എന്നൊരു പഴമൊഴിയുണ്ട്. സ്വഭാവിക നീതി ഒരിക്കലും ലഭിക്കാൻ സാധ്യതയില്ല എങ്കിലും പോരാടും വിജയിക്കുന്നത് വരെ.
ചോദ്യം : മലങ്കര വിഷയത്തിൽ രാഷ്ട്രീയ ഇടപ്പെടലുകൾ ഉണ്ടായിട്ടുണ്ടോ.? അല്ലെങ്കിൽ അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടോ.?
അങ്ങനെ പരോക്ഷമായി പൊതു സമക്ഷത്തിൽ ആരും നമുക്കെതിരെയോ ഭീം ആർമിക്കെതിരേയോ ഒരു രാഷ്ട്രീയ പ്രസ്ഥാനവും രംഗത്ത് വന്നിട്ടില്ല. എങ്കിലും മലങ്കര ചിലർക്കെല്ലാം പേടിയുളവാക്കുന്ന വിഷയമാണ്.
ചോദ്യം : കേരളത്തിലിത് ആദ്യത്തേതാണോ.? അതോ! വൻമരങ്ങൾക്ക് കീഴിൽ ചിലതെല്ലാം അഴുകി പോയതാണോ.?
" കേരളത്തിലിത് ആദ്യത്തേതുമല്ല അവസാനത്തേതുമല്ല ", കൊല്ലത്ത് വാഴയിൽ കെട്ടി തൂങ്ങി ഒരു പൈതൽ മരിച്ചത് ഓർമ്മയുണ്ടോ ! രാഷ്ട്രീയ മാനങ്ങളൊഴിച്ചാൽ വാളയാറിലെ സംഭവം തീർത്തും നീതികേടല്ലെ. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭീം ആർമിക്ക് കോളുകൾ വരുന്നുണ്ട്, കഴിവതും വേഗം നീതി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം.