വർക്കല: പാപനാശത്തെ റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിക്കുകയായിരുന്ന വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി. കോയമ്പത്തൂർ നെഹ്രു എയ്റോനോട്ടിക് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനി, തമിഴ്‌നാട് ദിണ്ടുകൽ കരിക്കലി ഗുസിലിയാം പാറൈയിൽ ദഷ്രിതയാണ് (21) കഴിഞ്ഞ ദിവസം മരിച്ചത്.
മാർച്ച് 20-നാണ് ദഷ്രിതയും സുഹൃത്തും റിസോര്‍ട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ 6.30ഓടെ ദഷ്രിതയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും വായിൽ നിന്നു നുരയും പതയും വരികയും ചെയ്തു. സഹപാഠികൾ റിസോർട്ട് ഉടമയെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വാഹനത്തിൽ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന സഹപാഠികളെയും വർക്കല പൊലീസ് ചോദ്യം ചെയ്തിരുന്നു. മരിച്ച പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ ഇന്ന് വർക്കലയിലെത്തി. കുട്ടിക്ക് ശ്വാസം മുട്ടുണ്ടായിരുന്നെന്നും എ. സി യുടെ തണുപ്പ് കൊണ്ടതാവാം മരണ കാരണമെന്നും വീട്ടുകാർ പറയുന്നു. പോസ്റ്റുമോർട്ടം നടന്നതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളു.