പതിനാറാം വയസ്സിൽ 19 കോടിയുടെ ലോട്ടറി നേടിയ യുവതി ഇന്ന് ജീവിക്കുന്നത് സർക്കാർ ചിലവിൽ.

0
ലണ്ടന്‍ : 16-ാം വയസില്‍ 19 കോടിയുടെ ലോട്ടറി നേടിയ പെണ്‍കുട്ടി ഇന്ന് ജീവിക്കുന്നത് സര്‍ക്കാര്‍ സഹായത്തോടെ. 1.9 ദശലക്ഷം യൂറോയുടെ ലോട്ടറി നേടുമ്പോള്‍ ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ജാക്ക് പോട്ടായിരുന്നു കാലി റോജേഴ്‌സ്. 

ലോട്ടറിയായി ലഭിച്ച പണത്തില്‍ അല്‍പം പോലും കയ്യില്‍ ബാക്കിയില്ലാത്ത കാലിയുടെ ഇന്നത്തെ ജീവിതം സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ ആശ്രയിച്ചാണ്. 

ലോട്ടറി ലഭിച്ചതിന് പിന്നാലെ കിട്ടിയ കുറച്ച് സുഹൃത്തുക്കളും ആഡംബര ജീവിതവും പാഴ്‌ച്ചെലവുകളുമാണ് നാല് കുട്ടികളുടെ അമ്മയായ കാലിയെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

അതേസമയം, അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് വിലക്ക് ലഭിച്ചതോടെയാണ് കാലി റോജേഴ്‌സ് വീണ്ടും വാര്‍ത്തയിലെത്തുന്നത്. വര്‍ക്കിംഗ്ടണ്‍ മജിസ്‌ട്രേറ്റ് കോടതി 22 മാസത്തേക്ക് വാഹനം ഓടിക്കുന്നതില്‍ നിന്നാണ് കാലിയെ വിലക്കിയിരിക്കുന്നത്.

അപകടം ഉണ്ടായ ശേഷം വാഹനം നിര്‍ത്താതെ പോയെന്നാണ് കാലിയുടെ പേരിലുള്ള കുറ്റം. 2003-ലാണ് കാലി റോജേഴ്‌സിന് ജാക്ക് പോട്ട് അടിക്കുന്നത്. ലോട്ടറി അടിച്ചതോടെ ജോലി ഉപേക്ഷിച്ചു. ശരീരത്തില്‍ ടാറ്റൂ കുത്തുന്നതിനും അവധി ആഘോഷങ്ങള്‍ക്കുമായി വന്‍തുക ചെലവിട്ടു. 

ഡിസ്‌നിലാന്‍ഡിലും പാരീസിലും മെക്‌സിക്കോയിലുമായി അവധിയാഘോഷം, നിരവധി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് പിന്നാലെ സുഹൃത്തുക്കള്‍ക്കായി ചെലവുകള്‍ വന്നതോടെ വളരെ വേഗമാണ് കാലിയുടെ ബാങ്ക് അക്കൗണ്ട് പൂജ്യത്തിലെത്തിയത്.

സര്‍ക്കാരിന്റെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന്റെ സഹായത്താലാണ് കാലിയുടേയും മക്കളുടേയും ജീവിതം ഇന്ന് മുന്നോട്ട് പോകുന്നത്. പക്വതയില്ലാത്ത പ്രായത്തിലെ ജാക്ക് പോട്ടും സുഹൃത്തുക്കളെ തിരിച്ചറിയുന്നതിലെ തെറ്റുമാണ് തന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് കാലി റോജേഴ്‌സ് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്.

Post a Comment

0Comments
Post a Comment (0)