കൊല്ലം : പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം അറയ്ക്കല്‍ ഇടമുളക്കല്‍ അഞ്ചല്‍ നാരായണ മന്ദിരം എം.വി. സുധീര്‍ (45) ആണ് അറസ്റ്റിലായത്. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂര്‍ മേലേമുറിയിലെ മണ്ണിയാംകോട് വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.
തിരുവനന്തപുരം മുട്ടത്തറ സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഹോളി ഏഞ്ചല്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന യുവതിക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് 59.40 ലക്ഷം പലതവണകളിലായി ഇയാള്‍ കൈപ്പറ്റിയിട്ടുണ്ട്.
തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്താതെ തന്നെ ജോലി ലഭിച്ചെന്നു പറഞ്ഞു പറ്റിച്ചു.
കൂടാതെ പട്ടം കേന്ദ്രീയ വിദ്യാലത്തില്‍ നിയമനം നല്‍കിയതായി കാണിച്ചുള്ള വ്യാജ അപ്പോയിന്‍മെന്റ് ലെറ്ററും പരാതിക്കാരിക്ക് കൈമാറിയിരുന്നു. ഇതോടൊപ്പംതന്നെ 2018ല്‍ ബഹ്‌റിനില്‍ ജോലി നഷ്ടപ്പെട്ടെത്തിയ ഭര്‍ത്താവിന് ലണ്ടനില്‍ പോകാന്‍ സര്‍ക്കാര്‍ വിസ നല്‍കാമെന്നു പറഞ്ഞും പണം വാങ്ങി.
സ്‌കൂളിനെതിരായ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും 75 ലക്ഷം നഷ്ടപരിഹാരമായി അനുവദിച്ചുവെന്നും അതിലേക്കായി 12 ലക്ഷവും മുദ്രപത്രവും വേണമെന്നും പറഞ്ഞ് അതും വാങ്ങിച്ചു.
കണ്‍ഡോവ്‌മെന്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയ് ശങ്കര്‍, എസ്.ഐ.ആര്‍. രതീഷ്‌കുമാര്‍, ബി. ചന്ദ്രമോഹന്‍, അന്‍വര്‍ഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി സുധീറിന് സമാന കേസുകളുണ്ട്.