കൊല്ലത്ത് മുൻ വില്ലേജ് ഓഫിസറുടെ വീട്ടിൽ​ കള്ളനോട്ടും പ്രിൻററും. - Counterfeit notes and printer at the house of a former village officer in Kollam.

0

കരുനാഗപ്പള്ളി : റിട്ട. വില്ലേജ് ഓഫിസറുടെ വീട്ടിൽനിന്ന് കള്ളനോട്ടും പ്രിൻററും ലാപ്ടോപ്പും കണ്ടെടുത്തു. തഴവ തെക്കുംമുറി കിഴക്ക് ശാന്താഭവനത്തിൽ റിട്ട. വില്ലേജ് ഓഫിസർ ശാന്തമ്മയുടെ വീട്ടിൽനിന്നാണ് 2000, 500, 200, 100 രൂപയുടെ കള്ളനോട്ട്, പ്രിൻറർ, ലാപ്ടോപ്, മഷി, പേപ്പർ എന്നിവ പന്തളം പൊലീസ് പിടിച്ചെടുത്തത്​.

ശാന്തമ്മയുടെ മകൾ ദീപ്തി (34), കൂട്ടാളി ആദിനാട് തെക്ക് അമ്പലത്തിൽ വീട്ടിൽ താഹ നിയാസ് (47) എന്നിവരെ കഴിഞ്ഞദിവസം പന്തളം പൂഴിക്കാട്ടുവെച്ച് പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. പന്തളത്ത് സൂപ്പർ മാർക്കറ്റിൽ കള്ളനോട്ട് മാറാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കട ഉടമ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിൽ ഇവരുടെ ബാഗിൽനിന്ന് 2000, 500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു.

ദീപ്തിയുടെ തഴവയിലെ വീട്ടിൽ താങ്കളാഴ്ച രാത്രി നടന്ന പരിശോധനയിലാണ് കള്ളനോട്ടുകൾ കത്തിച്ച നിലയിലും ലാപ് ടോപ്പും പ്രിൻററുമുൾപ്പെടെ ഉപകരണങ്ങൾ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലും കണ്ടെത്തിയത്. കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ അജുകുമാർ പറഞ്ഞു.

Post a Comment

0Comments
Post a Comment (0)