അഞ്ചൽ : അഞ്ചലിൽ നാലംഗ അക്രമിസംഘം ഗൃഹനാഥനെയും മക്കളെയും ക്രൂരമായി മർദിച്ചതായി പരാതി. ഇടയം കരുപ്പോട്ടിക്കോണം ചാവരഴികത്ത് വീട്ടിൽ മോഹനൻ (58), മക്കളായ പ്രമോദ് (21), പ്രവീണ (17) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ വീടിന് സമീപത്താണ് സംഭവം. തലയ്ക്കടിയേറ്റ് നിലത്തു വീണ മോഹനെൻറ നിലവിളി കേട്ട് ഓടിയെത്തിയ മകെൻറ വലതുകൈ അക്രമികൾ പിടിച്ചുതിരിച്ചു.
സംഭവം കണ്ട് കുഴഞ്ഞുവീണാണ് മകൾക്ക് പരിക്കേറ്റത്. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് ഗുരുതരമായി പരിക്കേറ്റ മോഹനനെയും മകൻ പ്രമോദിനെയും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോഹനെൻറ തലയ്ക്കും കൈകൾക്കുമാണ് മുറിവ്. തലക്ക് 21 തുന്നലുണ്ട്. ആശുപത്രിയിൽ കിടത്തി ചികിത്സിക്കുന്നതിന് ഇടമില്ലാത്തതിനാൽ ഇരുവരെയും പൊലീസ് തിരികെ വീട്ടിലെത്തിച്ചു.
ആഹാരം കഴിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോകുന്നതിനോ പറ്റാത്ത അവസ്ഥയിലാണ് മോഹനൻ. തദ്ദേശവാസികളായ നാലുപേരാണ് മർദിച്ചതെന്ന് മോഹനൻ പൊലീസിനോട് പറഞ്ഞു. അക്രമികൾക്കെതിരെ വധശ്രമം ഉൾപ്പെടെ കുറ്റങ്ങൾക്ക് കേസെടുത്തെന്നും അന്വേഷണം ഊർജിതപ്പെടുത്തിയെന്നും അഞ്ചൽ പൊലീസ് പറഞ്ഞു.