കൊച്ചി : സംസ്ഥാനത്ത് നിലനിൽക്കുന്ന നോക്കുകൂലിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാല്‍ പറഞ്ഞു. നോക്കുകൂലി ചോദിക്കുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ട്രേഡ് യൂണിയന്‍ തീവ്രവാദം എന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്തേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികള്‍ സമീപിക്കേണ്ടതെന്നും തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ നിരീക്ഷിച്ചു. ഐഎസ്‌ആര്‍ഒയുടെ നേതൃത്വത്തില്‍ വിഎസ്‌എസ്.സിയിലേക്ക് കൊണ്ടു വന്ന ചരക്കുകള്‍ തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നോക്കുകൂലിയുടെ പേരില്‍ നിയമം കൈയിലെടുക്കരുതെന്ന് ട്രേഡ് യൂണിയനുകളോട് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. നോക്കുകൂലി നല്‍കാത്തതിന് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ഭീഷണിയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി കെ സുന്ദരേശന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ശക്തമായ വിമര്‍ശനം കഴിഞ്ഞ മാസം നടത്തിയത്.
ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമം കൈയിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നോക്കുകൂലിക്ക് നിരോധനമേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണ്. സംസ്ഥാനത്ത് നിക്ഷേപമിറക്കാന്‍ പലരും ഭയപ്പെടുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് വെറുതെ പറഞ്ഞാല്‍ പോരെന്നും ഹൈക്കോടതി അന്ന് കുറ്റപ്പെടുത്തിയിരുന്നു.
മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന നോക്കുകൂലി തർക്കങ്ങളുടെ വാർത്തകൾ നാടിനു പേരുദോഷം ഉണ്ടാക്കുന്നതാണെന്നും ചുമട്ടുതൊഴിലാളി നിയമത്തിലെ തർക്ക പരിഹാര സംവിധാനങ്ങൾ ശക്തമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. 2017ൽ ഹൈക്കോടതി നിരോധിച്ച നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് കോടതി ഉത്തരവ്. 2018 നു ശേഷം തൊഴിലാളി യൂണിയനുകൾക്കെതിരെ 11 കേസുകൾ റജിസ്റ്റർ ചെയ്തെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.