തെന്മല : ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ തെന്മല പോലീസ് സംഘവും, എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ 4,700 ഗ്രാം കഞ്ചാവ് പിടികൂടി
സംഭവത്തിൽ പോലീസ് പറയുന്നതിങ്ങനെ :
തമിഴ്നാട് നിന്ന് കേരളത്തിലേക്കുള്ള ചെക്ക്പോസ്റ്റായ ആര്യങ്കാവ് ചെക്പോസ്റ്റിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ പരിശോധന യഥാക്രമം രണ്ടിടങ്ങളിൽ നടക്കുന്നുണ്ടായിരുന്നു. ആദ്യ പരിശോധനാ സംഘം തടഞ്ഞിട്ടും നിർത്താതെ പോയ മഹീന്ദ്ര പിക്കപ്പ് വാഹനത്തെക്കുറിച്ചുള്ള വിവരം ഉടൻ പോലീസ് സംഘം എക്സൈസ് ഉദ്യോഗസ്ഥരുടെയും തെന്മല പോലീസ് സംഘത്തിൻ്റെയും പരിശോധന നടക്കുന്നയിടത്തേ മെസ്സേജ് കൊടുക്കുകയും ചെയ്തു. തുടർന്ന് കഠിന പരിശ്രമത്തിനൊടുവിൽ ഈ വാഹനം തടയുകയും ശേഷം നടത്തിയ പരിശോധനയിൽ വണ്ടിയിൽ നിന്നും വാഹനത്തിലുണ്ടായിരുന്ന ആളുകളിൽനിന്നും ഉൾപ്പെടെ 700 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും വിശദമായ പരിശോധനയിൽ വാഹനത്തിൻ്റെ ബോണറ്റിൽനിന്നും നാല് കിലോഗ്രാമോളം കഞ്ചാവ് കണ്ടെടുക്കുകയും മൊത്തം സംഘത്തിൽനിന്ന് 4,700 ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തു.
വാഹനത്തിലുണ്ടായിരുന്ന മൂവർ സംഘത്തിലെ പ്രധാനിയായ അലുവ ഷാനവാസെന്ന പുനലൂർ മുസാവരി കോളനി നിവാസി ഷാനവാസിനെയും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരെയും പോലീസ് സംഘം അറസ്റ്റ് ചെയ്തു.
മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും.