കുന്നിക്കോട് : കലക്ടര്‍ ഇടപെട്ടിട്ടും പരിഹാരം കാണാത്തതിനെ തുടർന്ന് വിളക്കുടി ഗ്രാമപഞ്ചായത്തിന് മുന്നില്‍ വീട്ടമ്മയും കുടുംബവും കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുന്നിക്കോട് റെജിന മൻസിലിൽ ഷൗബാനത്തും കുടുംബവുമാണ് പ്രതിഷേധിച്ചത്. കുടിവെള്ള കിണറിനു സമീപം അയൽവാസി സ്ഥാപിച്ച സെപ്റ്റിക് ടാങ്ക് മാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും ആരോഗ്യവകുപ്പിലും പരാതി നല്‍കിയിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കുഴിമാറ്റിസ്ഥാപിക്കാൻ നിർദേശിക്കുകയും ഉചിതമായ സ്ഥലം കണ്ടെത്തി നല്‍കുകയും ചെയ്തിരുന്നു. ഗ്രാമപഞ്ചായത്തംഗം ഇടപെട്ട് ടാങ്ക് മാറ്റെണ്ടതില്ലെന്ന് അറിയിച്ചതായി പരാതിക്കാര്‍ പറയുന്നു.ഇതിനിടെ ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ സ്റ്റോപ് മെമ്മോ നല്‍കി. നിലവില്‍ കുടുംബത്തിൻെറ ഉടമസ്ഥതയിലുള്ള കിണറ്റില്‍ മാലിന്യം കലരുകയും വെള്ളം ഉപയോഗശൂന്യമാകുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് ഷൗബാനത്തും കുടുംബവും പഞ്ചായത്തിലെത്തി പ്രതിഷേധിച്ചത്. വിളക്കുടി പഞ്ചായത്ത് വൈസ് പ്രസിഡൻറും സെക്രട്ടറിയും ഇടപെട്ടാണ് സെപ്റ്റിക് മാറ്റിസ്ഥാപിക്കാന്‍ തടസ്സം നില്‍ക്കുന്നതെന്ന് വീട്ടമ്മ പറയുന്നു. കുന്നിക്കോട് പൊലിസ് സ്ഥലത്തെത്തി കുടുംബത്തെ നീക്കം ചെയ്തു.