കുവൈത്ത് സിറ്റി : രാജ്യത്തേക്കുള്ള കര, കടല്‍ അതിര്‍ത്തികള്‍ ബുധനാഴ്ച്ച മുതല്‍ നാല് ആഴ്ച്ചത്തേക്ക് അടച്ചിടാന്‍ കുവൈത്ത് മന്ത്രിസഭാ യോഗം തീരുമാനിച്ചു. റസ്റ്റാറന്റുകളില്‍ ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കി. ഫെബ്രുവരി 24 ബുധനാഴ്ച മുതലാണ് ഉത്തരവിന് പ്രാബല്യം. തിങ്കളാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഷോപ്പിങ് മാളുകള്‍ക്കുള്ളിലെ റസ്റ്റൊറന്റുകള്‍ക്കും കഫെകള്‍ക്കും ഉത്തരവ് ബാധകമാണ്. നിലവില്‍ രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാത്രമാണ് ഇരുന്ന് കഴിക്കാന്‍ വിലക്കുണ്ടായിരുന്നത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കര്‍ഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ല.
പൗരന്മാരെ കര, കടല്‍ അതിര്‍ത്തി വഴി കുവൈത്തിലേക്ക് മടങ്ങുന്നതിന് അനുവദിക്കും. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്കും വീട്ടുജോലിക്കാര്‍ക്കും പ്രവേശനമുണ്ടാവും.