സ്വത്തിന് വേണ്ടി വൃദ്ധയായ മാതാവിനെ കൊലപ്പെടുത്തിയ മകനും മരുമകളും പോലിസ് പിടിയിൽ; സംഭവം കൊല്ലം ചവറയിൽ.

0
ചവറ : തെക്കുംഭാഗം ഞാറമ്മൂട്ടില്‍ മാതാവിനെ കൊലപ്പെടുത്തിയ മകനേയും മരുമകളെയും പൊലിസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ രാജേഷ്, ഭാര്യ ശാന്തിനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. തെക്കുംഭാഗം ഞാറമ്മൂട് കിഴക്കുമുറി പടിഞ്ഞാറ്റതില്‍ വീട്ടില്‍ ദേവകി(75)യാണ് ഒന്നിന് പുലര്‍ച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റാമോര്‍ട്ടത്തിന് ശേഷമാണ് കഴുത്തില്‍ ബലം പ്രയോഗിച്ചതിനെത്തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദേവകിയുടെ മകനായ രാജേഷും മരുമകള്‍ ശാന്തിനിയും പൊലിസിന്റെ പിടിയിലായത്. 
മരണം സ്വാഭാവികമാണെന്ന് വാദിച്ച് അറസ്റ്റിനെ ചെറുക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മാതാവുമായി സ്വത്ത് തര്‍ക്കത്തിലായിരുന്ന മകന്‍ വീടും പുരയിടവും കൈക്കലാക്കുന്നതിന് വേണ്ടിയാണ് ഭാര്യയുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നവെന്ന് പൊലിസ് പറഞ്ഞു.
കരുനാഗപ്പള്ളി എ.സി.പി കെ. സജീവിന്റെ നേതൃത്വത്തില്‍ തെക്കുംഭാഗം ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷ്‌കുമാര്‍, എസ്.ഐമാരായ സുജാതന്‍പിളള.എം, പി.വി. വിജയകുമാര്‍, എ.എസ്.ഐമാരായ ഷാജിമോന്‍, ശ്രീകുമാര്‍, സജികുമാര്‍, സന്തോഷ്, ഹരികൃഷ്ണന്‍, സി.പി.ഒ നസീറ, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ സുരേഷ്‌കുമാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Post a Comment

0Comments
Post a Comment (0)