Latest News Kerala | Kollam News | Thiruvananthapuram News | Alappuzha News | National News | Gulf News | English News
ഇരവിപുരം : കഞ്ചാവ് റെയ്ഡ് നടത്താനെത്തിയ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ഇൻസ്പെക്ടറെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട യുവാവിനെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
ഇരവിപുരം വടക്കുംഭാഗം വള്ളക്കടവ് സൂനാമി ഫ്ലാറ്റ് ബ്ലോക്ക് 11/7ൽ ചട്ടി അപ്പു എന്ന പ്രിൻസ് (23) ആണ് പിടിയിലായത്. 2020 നവംബർ ഏഴിന് സൂനാമി ഫ്ലാറ്റിൽ പരിശോധനക്കെത്തിയ കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെയാണ് ആക്രമണം നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവിനെ ആക്രമിച്ചശേഷം രക്ഷപ്പെടുകയായിരുന്നു.
കഞ്ചാവ് ഉപയോഗിക്കുന്നവരെയും വിൽപനക്കാരെയും പിടികൂടുന്നതിനായി പൊലീസ് നടത്തിയ പ്രത്യേക ഡ്രൈവിലാണ് ഇയാൾ പിടിയിലായത്. പോക്സോ, വാഹന മോഷണം, എക്സൈസ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള നടപടികൾ എക്സൈസ് ആരംഭിച്ചിട്ടുണ്ട്. ഇരവിപുരം എസ്.എച്ച്.ഒ ഉദയകുമാർ, എസ്.ഐമാരായ ദീപു, ഷെമീർ, സൂരജ്, സജികുമാർ, ജി.എസ്.ഐ ജയകുമാർ, സി.പി.ഒമാരായ സുമേഷ്, ചിത്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.